വിപണി വിശേഷം / കെ.ബി. ഉദയഭാനു
ടയർ ലോബി ഷീറ്റ് വില ഉയർത്തി ഉത്പാദകരെ തോട്ടങ്ങളിലേക്ക് അടുപ്പിക്കാൻ ശ്രമം തുടങ്ങി, ടോക്കോമിൽ റബർ 200 യെന്നിനെ ഉറ്റുനോക്കുന്നു. വെളിച്ചെണ്ണ വില്പന ചുരുങ്ങി, മില്ലുകാർ നിരക്കുതാഴ്ത്തി ചരക്കിറക്കാൻ മത്സരിച്ചു. റീ എക്സ്പോർട്ടർമാർ കുരുമുളകിനായി ആഭ്യന്തര വിപണിയിൽ, ഉത്പന്ന വില വീണ്ടും കയറി. ഏലം സീസൺ ആരംഭിക്കാൻ ഇനിയും നാലുമാസം കാത്തിരിക്കേണ്ടി വരുമോ, ഇടപാടുകാർ പിരിമുറുക്കത്തിൽ. സംസ്ഥാനത്ത് സ്വർണവില ഉയർന്നു.
റബർ
സംസ്ഥാനത്തെ റബർകർഷകർ പ്രതീക്ഷയിലാണ്. റബർ ടാപ്പിംഗിന് അനുകൂല കാലാവസ്ഥ ലഭ്യമായതോടെ എത്രയും വേഗം റബർവെട്ട് തുടങ്ങാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ചെറുകിട കർഷകർ റബർ മരങ്ങളിൽ കത്തിവയ്ക്കാനുള്ള ഒരുക്കത്തിലാണെങ്കിലും വൻകിട തോട്ടങ്ങൾ ഇപ്പോഴും നീർജീവാവസ്ഥയിലാണ്. തോട്ടം മേഖലയെ ഉണർത്താൻ ടയർ ലോബി റബർവില ചെറിയതോതിൽ ഉയർത്തി.
മാസങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം ആർഎസ്എസ് നാലാം ഗ്രേഡ് 13,000 രൂപയ്ക്കു മുകളിലെത്തിയത് സ്റ്റോക്കിസ്റ്റുകൾക്ക് ആവേശമായി. വാരാന്ത്യം നിരക്ക് 13,150 രൂപയിലാണ്. ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികൾ അഞ്ചാം ഗ്രേഡ് റബർ വില ക്വിന്റലിന് 12,600ൽനിന്ന് 13,000 രൂപ വരെ ഉയർത്തിയെങ്കിലും കാര്യമായി ഷീറ്റ് ശേഖരിക്കാനായില്ല.
കൊച്ചി, കോട്ടയം വിപണികളിൽ കുറഞ്ഞ അളവിൽ മാത്രമാണ് റബർ വില്പനയ്ക്കെത്തുന്നത്. ഉത്പാദകകേന്ദ്രങ്ങളിലും കാര്യമായി ചരക്കില്ല. ടാപ്പിംഗ് പുനരാരംഭിച്ചാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ പുതിയ ചരക്ക് വിപണിയിലെത്തും. റബർവില കൂടുതൽ ഉയർന്ന ശേഷം ടാപ്പിംഗ് ആരംഭിക്കാമെന്ന നിലപാടിലാണ് ഒരു വിഭാഗം. ഉയർന്ന കാർഷികച്ചെലവുകൾ തന്നെയാണ് പലരെയും പിന്നോക്കം വലിക്കുന്നത്.
രാജ്യാന്തര മാർക്കറ്റിൽ റബർ വില കയറി. ടോക്കോമിൽ റബർ മാർച്ചിന് ശേഷം ആദ്യമായി കിലോ 197 യെന്നിലാണ്. ജൂലൈ അവധി 203 യെന്നിലേക്ക് ഉയരാനുള്ള ശ്രമത്തിലാണ്. ഡോളർ-യെൻ വിനിമയത്തിലെ ചാഞ്ചാട്ടങ്ങൾക്കിടെ വരും മാസങ്ങളിൽ റബർ 222 യെൻ വരെ മുന്നേറാം. അതേസമയം യു എസ്-ചൈന വ്യാപാര യുദ്ധം നിക്ഷേപകരിൽ ആശങ്ക ഉളവാക്കുന്നുണ്ട്.
കുരുമുളക്
കുരുമുളക് സ്വന്തമാക്കാൻ വ്യാപാരികൾ തുടർച്ചയായ മൂന്നാം വാരത്തിലും ഉത്സാഹിച്ചു. ഇറക്കുമതി ചുരുങ്ങിയത് വ്യവസായികളെ പിരിമുറുക്കത്തിലാക്കി. മൂല്യവർധിത ഉത്പന്നം കയറ്റുമതി നടത്താമെന്ന പേരിൽ വിദേശ ചരക്ക് എത്തിച്ച് ആഭ്യന്തര മാർക്കറ്റിൽ മറിച്ച് വില്പന നടത്തിയിരുന്നു. ശ്രീലങ്കയിലെ പുതിയ സംഭവ വികാസങ്ങളെത്തുടർന്ന് അനധികൃതമായ കുരുമുളകുവരവ് സ്തംഭിച്ചത് ഇറക്കുമതി ലോബിയെ പ്രതിസന്ധിലാക്കി. റീ എക്സ്പോർട്ടിന് മുളക് സംഭരിക്കാൻ ശ്രമം തുടങ്ങിയെങ്കിലും ആവശ്യാനുസരണം ചരക്ക് ശേഖരിക്കാനായില്ല.
കുരുമുളക് വില ഉയരുമെന്ന പ്രതീക്ഷയിൽ കർഷകർ ചരക്കുനീക്കം കുറച്ചത് വ്യാപാരരംഗവും ചൂടുപിടിച്ചു. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മുളകുവില ടണ്ണിന് 5400 ഡോളറാണ്. വിയറ്റ്നാം 2200 ഡോളറിനും ബ്രസീൽ 2400 ഡോളറിനും ഇന്തോനേഷ്യ 2800 ഡോളിനും ചരക്ക് വാഗ്ദാനം ചെയ്തു. ശ്രീലങ്കൻ കുരുമുളക് വില 4000 ഡോളറാണ്. അവർ ഒലിയോറസിൻ നിർമാണത്തിന് ആവശ്യമായ മൂപ്പ് കുറഞ്ഞ മുളക് 3000 ഡോളറിന് വില്പന നടത്തുന്നുണ്ട്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 36,800 രൂപയിലാണ്.
ഏലം
ഏലക്ക സീസണിന് കാലതാമസം നേരിടുമെന്ന ഭീതിയിലാണ് വ്യാപാരരംഗം. ലേലകേന്ദ്രങ്ങളിൽ ചരക്കുവരവ് ചുരുങ്ങിയതിനൊപ്പം സർവകാല റിക്കാർഡ് വിലയിൽ ചരക്ക് കൈമാറിയ ആവേശത്തിലാണ് ഇടപാടുകാർ. ഏലക്ക റിക്കാർഡ് പ്രകടനം കാഴ്ചവച്ചെങ്കിലും ഇതിന്റെ നേട്ടം കർഷകർക്ക് ലഭിച്ചില്ലെന്ന ആക്ഷേപം ഉത്പാദകമേഖലകളിൽനിന്ന് ഉയരുന്നു. മധ്യവർത്തികളുടെ കൈകളിലാണ് ഏലക്ക സ്റ്റോക്കുള്ളത്.
വിദേശ ഡിമാൻഡും ആഭ്യന്തര ആവശ്യക്കാരുടെ വരവിന് അനുസൃതമായാണ് അവർ ചരക്കിറക്കുന്നത്. റംസാൻ ഓർഡർ മുൻനിർത്തി കയറ്റുമതിക്കാർ ഏലക്ക ശേഖരിക്കുന്നുണ്ട്. കാലാവസ്ഥാമാറ്റം മൂലം ഇക്കുറി പുതിയ സീസൺ സെപ്റ്റംബറിലേക്ക് നീളുമെന്ന സൂചനയാണ് ഹൈറേഞ്ചിൽനിന്ന് പുറത്തുവരുന്നത്. നവരാത്രി-ദീപാവലി വേളയിൽ ഉത്തരേന്ത്യൻ ഡിമാൻഡ് ശക്തമാകാൻ ഇടയുണ്ട്.
വെളിച്ചെണ്ണ
നാളികേരോത്പന്ന വിപണിയിലെ തളർച്ച തുടരുന്നു. ഉയർന്ന വിലയ്ക്ക് വെളിച്ചെണ്ണ വിറ്റഴിക്കാൻ മില്ലുകാർ ക്ലേശിച്ചതോടെ അവർ നിരക്ക് താഴ്ത്തി. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നു. ഗ്രാമീണമേഖല വൈകാതെ കൊപ്ര വില്പനയ്ക്കിറക്കും. ഇതിനിടയിൽ എണ്ണവില ഉയർന്നാൽ മാത്രമേ കർഷകർക്ക് ഉയർന്ന വിലയ്ക്ക് ചരക്ക് ഇറക്കാനാവൂ. കൊച്ചിയിൽ വെളിച്ചെണ്ണ വില 300 രൂപ കുറഞ്ഞ് 13,800 രൂപയായി. കൊപ്ര 9375ൽനിന്ന് 9180 രൂപയായി.
സ്വർണം
സ്വർണവില ഉയർന്നു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 23,560 രൂപയിൽനിന്ന് 23,800 രൂപയായി. ഒരു ഗ്രാമിന് വില 2945 രൂപയിൽനിന്ന് 2975 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം ട്രോയ് ഔൺസിന് 1275 ഡോളറിൽനിന്ന് 1290 ഡോളറായി.