ആലുവ: വനിത നല്കിയ ക്വട്ടേഷനിൽ യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. നെടുന്പാശേരി വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ കുട്ടമശേരി സ്വദേശി കൊടവത്ത് ഫൈസലിനെയാണ് പതിനഞ്ചംഗ ഗുണ്ടകൾ മണിക്കൂറുകളോളം തട്ടിക്കൊണ്ടുപോയി ആലുവയിലും പരിസരത്തും വച്ച് ക്രൂരമായി മർദിച്ചത്. ഫൈസൽ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഫൈസലിന്റെ ഭാര്യ ആലുവ ഡിവൈഎസ്പിക്ക് നല്കിയ പരാതിയിലാണ് അന്വേഷണം.
വിമാനത്താവളത്തിൽ തന്നെ ടാക്സി ഡ്രൈവറായ വനിതയാണ് മർദിക്കാൻ ക്വട്ടേഷൻ നല്കിയതെന്ന് പരാതിയിൽ പറയുന്നു. ജോലിസ്ഥലത്തുവച്ചുണ്ടായ വാക്കുതർക്കം പറഞ്ഞുതീർക്കാനെന്ന വ്യാജേന ഫൈസലിനെ ഗുണ്ടാസംഘം ആലുവ കടുങ്ങല്ലൂർ റോഡിൽ അക്വഡക്ടിനു സമീപം വിളിച്ചുവരുത്തുകയായിരുന്നു.
അപകടം മനസിലാക്കിയ ഫൈസൽ കാറുമായി രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും അക്രമികൾ താക്കോൽ ഉൗരിയെടുത്തു. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ഇഷ്ടികയിൽ തുണിചുറ്റി മർദിച്ചതായി പറയുന്നു. കൂടാതെ ഫൈസലിന്റെ നഗ്നചിത്രങ്ങൾ പകർത്തിയെടുത്തതായും പരാതിയിലുണ്ട്.
ഇതിനിടയിൽ സംഘം ക്വട്ടേഷൻ നല്കിയ വനിതയേയും മകനേയും വിളിച്ചു വരുത്തി. വനിതയും മകനും ഫൈസലിനെ മർദിച്ചു. ദേശീയപാതയിൽ പറന്പയം കോട്ടായി ഭാഗത്ത് എത്തിച്ച് മർദിച്ച് അവശനാക്കിയ ഫൈസലിനെ ഗുണ്ടാസംഘം വിട്ടയ്ക്കുകയായിരുന്നു.
ഷൈലജ, വിശ്വനാഥൻ എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്. ആലുവ ഈസ്റ്റ് പോലീസാണ് കേസന്വേഷിക്കുന്നത്. പറവൂർ കവല-തോട്ടയ്ക്കാട്ടുകര ഭാഗത്തെ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.