കടയ്ക്കൽ: വാക്കുതർക്കത്തെ തുടർന്ന് ഗൃഹനാഥൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കുതിരപ്പാലം കിഴക്കേ പൊന്നം കോട്ടുവീട്ടിൽ പരേതനായ കോലപ്പൻ പിള്ളയുടെ മകൻ രാധാകൃഷ്ണപിള്ള (കമലൻ – 54) കുത്തേറ്റു മരിച്ച സംഭവത്തിലാണ് അയൽവാസിയായ കടയ്ക്കൽ വെളുന്തറ മഞ്ജുവിലാസത്തിൽ ശശി (60) പിടിയിലായത്. ഇയാളുടെ മകൻ ഉണ്ണി ഒളിവിലാണ്.
ഇന്നലെ രാത്രി ഏഴിന് വീടിനു സമീപത്ത് വച്ചായിരുന്നു സംഭവം. രാധാകൃഷ്ണപിള്ള ലോഡിംഗ് തൊഴിലാളിയാണ്. ഇന്നലെ കാട്ടാമ്പള്ളി ശിശുമന്ദിരത്തിനടുത്ത് ലോഡിംഗിനിടയിൽ ചിലരുമായി വാക്ക് തർക്കമുണ്ടായതായി പറയപ്പെടുന്നു. സന്ധ്യയ്ക്ക് വീട്ടിലെത്തിയ ശേഷം വീണ്ടും പുറത്തേക്ക് പോയി.
വീടിന് സമീപം ശശിയും മകനുമായി വാക്കുതർക്കമുണ്ടാവുകയും കുത്തേൽക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബഹളത്തിനിടയിൽ തടസം പിടിക്കാനെത്തിയ ഭാര്യ പുഷ്പ(45) യ്ക്ക് കൈയിൽ കുത്തേറ്റു. വയറിൽ കുത്തേറ്റ രാധാകൃഷ്ണപിള്ളയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാഹനം ലഭിക്കാത്തതിനാൽ ഏറെ വൈകിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്ന് പറയപ്പെടുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സാരമായി പരിക്കേറ്റ പുഷ്പയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്നു രാധാകൃഷ്ണപിള്ള. റൂറൽ എസ്പി, കടയ്ക്കൽ സി.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയ അറസ്റ്റുചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിദ്യാർഥികളായ കണ്ണൻ, പൊന്നു എന്നിവരാണ് രാധാകൃഷ്ണ പിളളയുടെ മക്കൾ.