സ്വന്തം ലേഖകൻ
തൃശൂർ: ചെറുപുരങ്ങൾ പുഴകളായ് ഒഴുകിയെത്തി..പിന്നെ തേക്കിൻകാട്ടിലേക്കൊരു മഹാസാഗരമായ് അലയടിച്ചേറി. ചെറുതും വലതുമായ എട്ടു ചെറുപൂരങ്ങൾ പതിവും ആചാരവും തെറ്റാതെ ഒന്നിനു പിറകെ ഒന്നായി എത്തിയതോടെ പൂരനഗരി അക്ഷരാർത്ഥത്തിൽ പൂരലഹരിയിലായി. മേടവെയിലിനെ വകവെക്കാതെ പതിനായിരങ്ങൾ ചെറൂപൂരങ്ങൾ കണ്ട് തേക്കിൻകാട്ടിലലഞ്ഞ് പൂരക്കാഴ്ചകളിലലിഞ്ഞു.
(1) വെയിലേൽക്കാതെ പതിവ് തെറ്റാതെ കണിമംഗലം ശാസ്താവെത്തി
വെയിൽമൂക്കും മുന്‍പേയെത്തിയ കണിമംഗലം ശാസ്താവ് ചെറൂപുരങ്ങൾക്ക് വടക്കുന്നാഥനിലേക്ക് വഴിയൊരുക്കി. കണിമംഗലത്തു നിന്ന് ഒരാനപ്പുറത്തെ പുലർച്ചെ പുറപ്പെട്ട കണിമംഗലം ശാസ്താവിന്റെ ചെറുപൂരത്തിന് നാദസ്വരം അകന്പടിയായി. കുളശേരിയിൽ വെച്ച് ആനകളുടെ എണ്ണം അഞ്ചായി. ചെന്പട മേളം അകന്പടിയായി. മണികണ്ഠനാലിൽ പൂരമെത്തുന്പോൾ ആനകളുടെ എണ്ണം ഒന്‍പതായി കൂടി. തുടർന്ന് തെക്കേഗോപുരനട വഴി വടക്കുന്നാഥനകത്തു കയറി വണങ്ങാതെ വലംവെക്കാതെ പടിഞ്ഞാറെ ഗോപുരനട വഴി പുറത്തിറങ്ങി. കുളശേരിയിലെത്തി അവിടെ ഇറക്കിയെഴുന്നളളിപ്പും നടത്തി.
(2) അയ്യന്തോളമ്മയ്ക്ക് പറകളായിരം
അയ്യന്തോൾ ശ്രീകാർത്യായിനി ദേവിയുടെ ചെറുപൂരം രാവിലെ ഏഴിന് ശ്രീമൂലസ്ഥാനത്തേക്ക് പുറപ്പെട്ടു. നൂറിലധികം പറകൾ പൂരം പുറപ്പാട് സമയത്തുണ്ടായിരുന്നു. പിന്നീട് എം.ജി.റോഡു വരെ വീടുകളിൽ നിന്നും കച്ചവടസ്ഥാപനങ്ങളിൽ നിന്നുമൊക്കെയായി പറകളെടുത്താണ് അയ്യന്തോൾ പൂരം വടക്കുന്നാഥനിലേക്ക് നീങ്ങിയത്. വൻതിരക്കാണ് അയ്യന്തോൾ വരവിന് അനുഭവപ്പെട്ടത്.
മൂന്നാനപ്പുറത്തേറി പുറപ്പെട്ട പൂരത്തിന് കോട്ടപ്പുറം മേൽപ്പാലത്തിനടുത്തുവച്ച് ആനകളുടെ എണ്ണം ഏഴായി. പതിനൊന്നുമണിയോടെ നടുവിലാലിൽ നിന്ന് ശ്രീമൂലസ്ഥാനത്തേക്ക് അയ്യന്തോൾ ഭഗവതിയുടെ എഴുന്നളളിപ്പ് കയറും. പടിഞ്ഞാറേ ഗോപുരം വഴി വടക്കുന്നാഥ ക്ഷേത്രത്തിനകത്തു കടന്ന് തെക്കേ ഗോപുര നട വഴി പുറത്തിറങ്ങി തിരികെ അയ്യന്തോളിലേക്ക്് മടങ്ങി.
(3) പൂരവിളംബരം കുറിച്ച നെയ്തലക്കാവിലമ്മ പൂരത്തിനെത്തി
പൂരവിളംബരം കുറിച്ച നെയ്തലക്കാവിലമ്മ ഇന്നുരാവിലെ പൂരത്തിന് പുറപ്പെട്ടത് രാവിലെ എട്ടരയോടെയാണ്. നാദസ്വരത്തിന്റെ അകന്പടിയിൽ ഒരാനപ്പുറത്താണ് പൂരം പുറപ്പെട്ടത്. നടുവിലാലിലെത്തിയ പൂരത്തിലേക്ക് ആനകൾ പതിനൊന്നായി. മേളം അകന്പടിയായി. പടിഞ്ഞാറേ ഗോപുരത്തിലൂടെ കയറി തെക്കേഗോപുരനട വഴിയിറങ്ങി പഴയനടക്കാവിലെ ഭഗവതിക്ഷേത്രത്തിൽ ഇറക്കിയെഴുന്നളളിപ്പ് നടത്തി.
(4) നാദസ്വരവും നടപ്പാണ്ടിയും അകന്പടിയായി കാരമുക്ക് പൂരം
ഒരാനപ്പുറത്ത് നാദസ്വരവും നടപ്പാണ്ടിയും അകന്പടിയായാണ് പൂക്കാട്ടിരി കാരമുക്ക് ദേവിയുടെ പൂരം പുറപ്പെട്ടത്. കുളശേരി ക്ഷേത്രത്തിൽ വച്ച് ആനകൾ മൂന്നായി. പിന്നീട് എട്ടരയോടെ പാറമേക്കാവിന്റെ പൂരപ്പന്തലിൽ കാരമുക്കിന്റെ പൂരമെത്തി. കണിമംഗലം പൂരം വടക്കുന്നാഥ ക്ഷേത്രത്തിനകത്തു നിന്നും ഇറങ്ങുന്പോൾ കാരമുക്ക്് പൂരം അകത്തേക്ക് കയറി. പടിഞ്ഞാറേ ഗോപുരം വഴി അകത്തുകടന്ന് തെക്കേഗോപുരം വഴി കാരമുക്ക് പൂരം പുറത്തെത്തി. തുടർന്ന് കുളശേരി ക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തി.
(5) പതിനാലാനകളുമായി ചൂരക്കോട്ടുകാവിലമ്മയെത്തി
പതിനാല് ആനകളുമായി ചൂരക്കോട്ടുകാവിലമ്മ വടക്കുന്നാഥന്റെ സന്നിധിയിലേക്കെത്തി. ചെറുപൂരങ്ങളിൽ പതിനാല് ആനകളുള്ള ഏക ഘടകപൂരമാണിത്. രാവിലെ ആറരയ്ക്ക് ഒരാനപ്പുറത്ത് നാദസ്വരത്തിന്റെയും നടപാണ്ടിയുടേയും അകന്പടിയോടെ ചൂരക്കോട്ടുകാവിലമ്മ പൂരത്തിന് പുറപ്പെട്ടു. വഴിനീളെ പറകളെടുത്താണ് നടുവിലാലിലെത്തിയത്. ആ സമയം ആനകൾ പതിനാലായി. പാണ്ടിമേളവും എഴുന്നള്ളിപ്പിന് മാറ്റുകൂട്ടി. നൂറിലേറെ കലാകാരൻമാർ മേളത്തിന് അണിനിരന്നു. പടിഞ്ഞാറേ ഗോപുരം വഴി കയറി തെക്കേനടവഴി പൂരം പുറത്തിറങ്ങി ഉച്ചയോടെ പാറമേക്കാവിലെത്തി.
പാറമേക്കാവ് ഭഗവതിക്ക് പൂരം പുറപ്പാടിനുളള പാണി കൊട്ടിത്തുടങ്ങിയത്് ചൂരക്കോട്ടുകാവ് പൂരം പാറമേക്കാവിൽ എത്തിയതിന് ശേഷമാണ്.
(6) തകിലും നാഗസ്വരവും അകന്പടി പനമുക്കുംപിള്ളി ശാസ്താവും പൂരത്തിനെത്തി
തകിലും നാഗസ്വരവും അകന്പടിയായി പനമുക്കുംപിള്ളി ശാസ്താവും തൃശൂർ പൂരത്തിനെത്തി. രാവിലെ ഏഴിന് മൂന്നാനപ്പുറത്താണ് ശാസ്താവ് പൂരത്തിന് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടത്. ഒന്‍പതുമണിയോടെ വടക്കുന്നാഥനിലെത്തി മഹാദേവനെ വണങ്ങിയ ശേഷം പനമുക്കംപിള്ളി ക്ഷേത്രത്തിലേക്ക് 10ന് തിരിച്ചുപോയി.
(7) തലവേദനക്കിട കൊടുക്കാതെ ചെന്പുക്കാവ് ദേവി
വെയിൽമൂത്താൽ തലവേദന വരുമെന്നതുകൊണ്ട് വെയിൽ മൂക്കും മുന്‍പേ തന്നെ വടക്കുന്നാഥനെ കണ്ടുവണങ്ങി മടങ്ങി പതിവുപോലെ ചെന്പുക്കാവ് ശ്രീകാർത്യായിനി ദേവി. മൂന്നാനപ്പുറത്ത് രാവിലെ ഏഴിന് പഞ്ചവാദ്യവും നാദസ്വരവുമായി പാലസ് റോഡ് വഴി പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെത്തി അവിടെ നിന്ന് വടക്കുന്നാഥന്റെ കിഴക്കേ ഗോപുര നടയിലൂടെ കടന്ന് തെക്കേഗോപുരനട വഴി പൂരം പുറത്തിറങ്ങി.
(8) പഞ്ചവാദ്യപ്പെരുമയോടെ ലാലൂർ ഭഗവതി
പഞ്ചവാദ്യപ്പെരുമയോടെ പൂരത്തിന് പുറപ്പെട്ട ലാലൂർ ഭഗവതിയുടെ പൂരം രാവിലെ ആറിന് തുടങ്ങി. മൂന്നാനപ്പുറത്താണ് പൂരം പുറപ്പെട്ടത്. കോട്ടപ്പുറത്തെത്തിയപ്പോൾ ആനകൾ അഞ്ചായി. നടുവിലാലിലെത്തിയപ്പോൾ ഒന്‍പതും. പത്തുമണിയോടെ ലാലൂർ ഭഗവതി വടക്കുന്നാഥനെ തൊഴുത് ലാലൂരിലേക്ക് മടങ്ങി.