ന്യൂഡൽഹി: റഡാറുകളെ മേഘങ്ങൾ മറയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഏറ്റുപിടിച്ച് വിദേശ മാധ്യമങ്ങൾ. പാക്കിസ്ഥാനിൽ നിന്ന് അടക്കമുള്ള മാധ്യമങ്ങളാണ് മോദിയുടെ പരാമർശത്തെ പരിഹസിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാനിൽ നിന്നുള്ള 92 ന്യൂസ്, റഷ്യൻ ന്യൂസ് ഏജൻസി, ഗൾഫ് ന്യൂസ് തുടങ്ങിയവർ വലിയ പ്രാധ്യാനത്തോടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ “ശാസ്ത്രീയ ഉപദേശം’ നൽകിയിരിക്കുന്നത്.
മഴയും മേഘങ്ങളും ഉള്ളപ്പോൾ ഫെബ്രുവരി 26നു വ്യോമാക്രമണം നടത്താൻ വ്യോമസേനയോടു നിർദേശിച്ചതുതാനാണെന്നും പാക്കിസ്ഥാനിലെ റഡാറുകളെ മേഘങ്ങൾ മറയ്ക്കുമെന്നു താൻ ഉപദേശിച്ചെന്നുമായിരുന്നു മോദിയുടെ ” വെളിപ്പെടുത്തൽ’. ന്യൂസ് നേഷൻ എന്ന ടിവി ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു മോദിയുടെ വീന്പുപറച്ചിൽ. അഭിമുഖം പുറത്തുവന്നതിനു പിന്നാലെ ഇതു ട്വീറ്റ് ചെയ്ത ബിജെപി, സംഭവം വിവാദമായതോടെ അതു പിൻവലിക്കുകയും ചെയ്തു.
മേഘങ്ങളെ മറികടന്നു നിരീക്ഷണം നടത്താൻ കെല്പുള്ളതാണു വിമാനങ്ങളിൽ ഉപയോഗിക്കുന്ന റഡാർ (റേഡിയോ ഡിറ്റെക്്ഷൻ ആൻഡ് റേഞ്ചിംഗ്) സാങ്കേതികവിദ്യ. റഡാറുകൾക്കു കാലാവസ്ഥ ഒരു പ്രശ്നമല്ലെന്നു ശാസ്ത്ര- സാങ്കതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വസ്തുത ഇതായിരിക്കെയാണു റഡാറുകളുടെ കണ്ണുവെട്ടിക്കാൻ മേഘങ്ങൾ സഹായിക്കുമെന്ന മോദിയുടെ കണ്ടെത്തൽ.
മോദി പറഞ്ഞത് ഇങ്ങനെ:
“ബാലാക്കോട്ട് വ്യോമാക്രമണം നടത്തുന്ന ദിവസം കാലാവസ്ഥ അനുകൂലമായിരുന്നില്ല. മേഘങ്ങളും കനത്ത മഴയുമുണ്ടായിരുന്നു. ഇതുമൂലം നമുക്ക് മുന്നോട്ടു പോകാനാവുമോയെന്നു സംശയമുയർന്നു. ആക്രമണം മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാൻ വിദഗ്ധരിൽ ചിലർ പറഞ്ഞു. എന്റെ മനസിൽ രണ്ടു കാര്യങ്ങളാണ് ഉണ്ടായിരുന്നത്.
ഒന്ന് രഹസ്യമായിരുന്നു. ശാസ്ത്രമറിയാവുന്ന ഒരാളല്ലെങ്കിലും ഞാൻ പറഞ്ഞു, മഴയും മേഘങ്ങൾ നിറഞ്ഞുനിൽക്കുന്നതും നമുക്ക് ഗുണകരമാണെന്ന്. അവരുടെ റഡാറുകളിൽ നിന്ന് നമ്മുടെ വിമാനങ്ങളെ മേഘം മറയ്ക്കുമെന്ന് എനിക്കു തോന്നി. അതു നമുക്ക് ഗുണം ചെയ്യുമെന്നും ഞാൻ പറഞ്ഞു, എല്ലാവരും ആശയക്കുഴപ്പത്തിലായി. ഒടുവിൽ ഈ ആശയത്തിൽ തന്നെ ആക്രമണം നടത്തുകയും ചെയ്തു”…
ഇതിനു പിന്നാലെ മോദിയുടെ പ്രസ്താവന ബിജെപി ഒൗദ്യോഗിക ട്വിറ്റർ പേജിലും ബിജെപി ഗുജറാത്ത് ട്വിറ്റർ അക്കൗണ്ടിലും അതേപടി ട്വീറ്റ് ചെയ്തു. എന്നാൽ, പോസ്റ്റിനു താഴെ വിമർശനവും പരിഹാസവും വന്നതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
മേഘ വെളിപ്പെടുത്തലിൽ ട്രോൾ മഴ…
അഭിമുഖവും പ്രസ്താവനയും പുറത്തുവന്നതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നരേന്ദ്ര മോദിക്കെതിരേ ട്രോൾ മഴയാണ്… മേഘങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്കെ വിമാനങ്ങളെ കണ്ടുപിടിക്കാൻ കഴിയുന്ന റഡാറുകൾ ദശാബ്ദങ്ങൾക്കു മുന്പേയുണ്ടെ ന്നു കോണ്ഗ്രസിന്റെ സമൂഹ മാധ്യമങ്ങളുടെ ചുമതലയുള്ള ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തു.
മോദി ജീ, താങ്കളുടെ അറിവിലേക്കായി, മേഘങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്ക വിമാനങ്ങളെ കണ്ടുപിടിക്കത്തക്ക രീതിയിലുള്ള റഡാറുകൾ ദശാബ്ദങ്ങൾക്ക് മുൻപേ തന്നെ ഉണ്ട്- ചാരപ്രവർത്തനത്തിന് അടക്കം.
അങ്ങനെ ഇല്ലായിരുന്നെങ്കിൽ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾ എന്നേ നമ്മുടെ ആകാശം കൈയടക്കിയേനെ. നിങ്ങൾ ഇപ്പോഴും കഴിഞ്ഞ കാലഘട്ടത്തിൽ ജീവിക്കുന്നതിന്റെ കുഴപ്പമാണ്. ഇനിയെങ്കിലും അത് മനസിലാക്കൂ, അങ്കിൾ ജീ.’- ദിവ്യ ട്വിറ്ററിൽ കുറിച്ചു.
ഇങ്ങനെയാണെങ്കിൽ സൂര്യനിലേക്ക് പേടകം അയയ്ക്കണമെങ്കിൽ രാത്രി അയച്ചാൽ മതിയെന്ന് അദ്ദേഹം ഐഎസ്ആർഒയെ ഉപദേശിക്കുമെന്നാണ് മറ്റൊരു ട്രോൾ. ബാലാക്കോട്ട് ആക്രമണത്തിനു മുന്പ് മേഘങ്ങളെ നോക്കുന്ന മോദിയും മേഘങ്ങൾ നിറഞ്ഞിരുന്ന സമയത്താണ് നീരവ് മോദിയും വിജയ് മല്യയും ഇന്ത്യയിൽനിന്നു മുങ്ങിയതെന്ന ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റേഡിയോ തരംഗങ്ങളിൽ പ്രവർത്തിക്കുന്ന റഡാറിനു കാലാവസ്ഥ പ്രതികൂലമാകില്ലെങ്കിലും ആക്രമണദൃശ്യങ്ങൾ എടുക്കാൻ മറ്റു സംവിധാനങ്ങൾക്കു തടസമായി എന്നു പലരും ചൂണ്ടിക്കാട്ടി. ബാലാകോട്ട് ആക്രമണ സമയം ആറു ക്രിസ്റ്റൽ മെയ്സ് മിസൈലുകളും വിക്ഷേപിക്കേണ്ടതായിരുന്നു. തീവ്രവാദക്യാന്പുകൾ തകർത്തതിന്റെ കൃത്യമായ ചിത്രം ക്രിസ്റ്റൽ മേയ്സ് മിസൈലുകളുടെ വീഡിയോ ഫീഡ് പകർത്തുമായിരുന്നു. ലോകമെങ്ങുമുള്ള വ്യോമസേനകൾ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നത് ഇത്തരത്തിലാണ്.
എന്നാൽ മോശം കാലാവസ്ഥ കാരണം അന്ന് മിസൈലുകൾ വിക്ഷേപിക്കാൻ സാധിക്കാതിരുന്നതുകൊണ്ട് നാശനഷ്ടത്തിന്റെ ദൃശ്യങ്ങൾ ലഭ്യമായില്ല എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മോദിയുടെ ശാസ്ത്രീയ ഉപദേശത്തെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ രംഗത്തെത്തി. ദേശീയ സുരക്ഷ ഒരു നിസാര കാര്യമല്ലെന്നും ഇത്ര പക്വതയില്ലാത്ത മോദിയുടെ പ്രസ്താവന വലിയ അപകടമുണ്ടാക്കുമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. ഇതുപോലെ ഒരാൾ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ തുടരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.