റാന്നി: ശബരിമല തിരുവാഭരണപാതയിലെ പേരൂർച്ചാല്‍ പാലം പണി പൂര്‍ത്തിയാക്കിയിട്ട് ഒന്നരവര്‍ഷം കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡു നിര്‍മാണം ഇഴയുന്നു. വേഗം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പതിവായി പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. മിക്ക ദിവസങ്ങളിലും നിര്‍മാണ ജോലികള്‍ നടക്കാറില്ല. പണിനടക്കുന്ന ദിവസങ്ങളില്‍ രണ്ടോ മൂന്നോ പേര് മാത്രമേ ഉണ്ടാകാറുള്ളൂ.
നിര്‍മാണത്തിനിടെ രണ്ടു തൂണുകൾക്കു കണ്ടെത്തിയ ബലക്ഷയത്തിനു പരിഹാരം കാണുകയും അപ്രോച്ച് റോഡു നിര്‍മാണം പൂര്‍ത്തിയാകുകയും ചെയ്താൽ മാത്രമേ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകൂ. തൂണുകള്‍ ബലപ്പെടുത്തുന്നതിനുള്ള പണികള്‍ അന്തിമഘട്ടത്തിലാണ്.അപ്രോച്ച് റോഡുകളുടെ പണികളാണ് ഇപ്പോഴും അവശേഷിക്കുന്നത്. ഇരുകരകളിലും റോഡിന് സംരക്ഷണഭിത്തി കെട്ടുന്ന ജോലികളാണ് നിലവില്‍ നടന്നുവരുന്നത്.
1996ലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. പന്പാനദിക്കു കുറുകെ പേരൂർച്ചാൽ, കീക്കൊഴൂർ കരകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലത്തിന്റെ കരാറുകാർ തന്നെ ഏറെപ്പേരെത്തി. പാലം പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് രണ്ട് തൂണുകൾക്ക് ബലക്ഷം കണ്ടത്.
പൂർത്തിയാകാത്ത പാലത്തിന്റെ തൂണുകളുടെ ബലക്ഷയം സാങ്കേതിക പിഴവുകൾ മൂലമെന്ന് പരിശോധന നടത്തിയ ചെന്നൈ ഐഐടി സംഘം വിലയിരുത്തി. ഇതു പരിഹരിച്ചു മാത്രമേ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാവൂവെന്ന നിർദേശവും വന്നു.
എന്നാൽ ഇതുസംബന്ധമായ ജോലികളും മെല്ലപ്പോക്കിലായി. അപ്രോച്ച് റോഡ് നിർമാണത്തിനു കരാർ നൽകിയതു തന്നെ ഏറെ വൈകിയാണ്. പന്പാ നദിക്കു കുറുകെ തിരുവാഭരണ പാതയിലാണ് പാലം. ഏതാനും വർഷങ്ങളായി തിരുവാഭരണ ഘോഷയാത്ര പാലത്തിലൂടെ കടത്തിവിടുന്നുണ്ട്.
രണ്ടു പതിറ്റാണ്ടായി നാട്ടുകാർ കാത്തിരിക്കുന്ന പാലം ഗതാഗതത്തിനു തുറന്നു നൽകണമെങ്കിൽ ഇനി നടപടികൾ ഏറെ വേണ്ടിവരും. അപ്രോച്ച് റോഡ് നിർമാണം പൂർത്തീകരിക്കുന്നതിനായി കാര്യമായ നടപടികൾ അധികൃതർ നടത്തിയിട്ടില്ല.