കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ക്രമക്കേട് നടത്തിയെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്നും വിജിലന്‍സ് അന്വേഷണസംഘം നാളെ മുതല്‍ മൊഴിയെടുപ്പ് ആരംഭിക്കും. നിര്‍മാണത്തില്‍ പങ്കാളികളായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പറേഷന്, കിറ്റ്കോ, പാലം പണിചെയ്ത ആര്‍ഡിഎസ് കമ്പനി എന്നിവയിലെ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയാറാക്കിയിട്ടുണ്ട്.
മൊഴിയെടുക്കുന്നതിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസും നല്‍കിയിരുന്നു. ഏതാനും പേരില്‍നിന്നും കഴിഞ്ഞ ദിവസങ്ങളിലായി വിവരങ്ങള്‍ ശേഖരിച്ചിരുന്നതായി വിജിലന്‍സ് അറിയിച്ചു. മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി ഏത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ഉദേശിക്കുന്നത്.
നിര്‍മാണ സാമഗ്രികളുടെ ഗുണമേന്മ സംബന്ധിച്ചു വിദഗ്ധരില്‍നിന്നും വിജിലന്‍സ് അഭിപ്രായങ്ങള്‍ തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് അടുത്ത ദിവസം ലഭിക്കുമെന്നാണ് കരുതുന്നതെന്നും വിജിലന്‍സ് അറിയിച്ചു. നിര്‍മാണ സാമഗ്രികളുടെ ഗുണമേന്മയിലോ അളവിലോ കുറവുണ്ടായിട്ടുണ്ടോ എന്നത് ലാബിലെ പരിശോധനക്കു ശേഷം മാത്രമേ വ്യക്തമാകൂ.