പയ്യന്നൂര്‍: ഏഴിമല നരിമടയിലെ സലിംനിവാസില് റീത്തായുടെ കുടുംബത്തെ “അറബി’ കുടുംബം എന്ന് വിശേഷിപ്പിക്കാം.ഗള്‍ഫില്‍ നിന്നെത്തിയ അറബികളുടെ കുടുംബമായതിനാലല്ല ഈ വിശേഷണം. റീത്തായുടെ കുടുംബാംഗങ്ങളില്‍ അഞ്ച് പേര് അറബിക് അധ്യാപികമാരാണെന്ന അത്യപൂര്‍വമായ സവിശേഷതയാണ് ഈ വിശേഷണത്തിനാധാരം.
കൊല്ലം കുണ്ടറ പടപ്പക്കരയില്നിന്നും നാല് പതിറ്റാണ്ട് മുമ്പ് ഏഴിമലയിലെത്തിയതാണ് റീത്തയുടെ കുടുംബം.ജീവിതയാത്രക്കിടയില്‍ ഭര്‍ത്താവ് പീറ്റര്‍ വിടപറഞ്ഞിരുന്നു.നാല് ആണ്മക്കളും രണ്ട് പെണ്മക്കളുമുള്ള റീത്തയുടെ മൂന്നാമത്തെ മകന് ജോണ്‍സന്റെ ജീവിത പങ്കാളിയായി എത്തിയ റീനയാണ് ഈ കുടുംബത്തിലെ ആദ്യത്തെ അറബി അധ്യാപിക.
ഇപ്പോള്‍ തലശേരി തിരുവങ്ങാട് ഹയര്‍ സെക്കൻജറി സ്കൂള്‍ അധ്യാപികയായ റീനയാണ് മുസ്ലീമുകളൊഴികെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ അറബിക് പഠിച്ചാലുള്ള തൊഴില്‍ സാധ്യതകളെ പറ്റി കുടുംബാഗങ്ങളോട് പറഞ്ഞത്. ഈ പ്രചോദനമാണ് മറ്റുള്ളവർക്ക് അറബിക് പഠിക്കാന്‍ പ്രേരണയായത്. ഇതേ തുടര്‍ന്നാണ് റീത്തയുടെ കുടുംബാംഗങ്ങളില്‍ നാല് പേര് അറബിക് പഠിച്ച് വിവിധ സ്കൂളുകളില്‍ അധ്യാപികമാരായത്.
റീത്തയുടെ മൂത്ത മകന് ബാബുവിന്റെ മകള്‍ സ്റ്റെഫിയ മലപ്പുറം അങ്ങാടി ജിഎംഎല്‍പി സ്കൂളിലും രണ്ടാമത്തെ മകന് ചാള്‍സന്റെ മകള്‍ ജാസ്മിന് കണ്ണൂര്‍ ബര്‍ണശ്ശേരി സെന്റ് പീറ്റേഴ്സ് സ്കൂളിലും അധ്യാപികമാരാണ്.മറ്റൊരു മകളായ വിജയകുമാരിയുടെ മൂത്ത മകള്‍ ഷിനി രാമന്തളി ജിഎംയുപിസ്കുളിലും ഷിനിയുടെ സഹോദരി പ്രിയ കാസര്‍ഗോഡ് കൊളത്തൂര്‍ ഗവ.ഹൈസ്കൂളിലും അറബിക് അധ്യാപികമാരാണ്.
ഇവര്‍ക്ക് തീര്‍ത്തും അപരിചിതമായിരുന്ന അറബി ഭാഷയുടെ ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ തുടങ്ങിയത് പത്താം ക്ലാസ് പഠനത്തിന് ശേഷമാണ് എന്ന പ്രത്യേകതയുമുണ്ട്.അഫ്സല് ഉല് ഉലമ കോഴ്സില്‍ സ്റ്റെഫിയും പ്രിയയും ബിഎഡും മറ്റുള്ളവര്‍ ഡിഗ്രിയും നേടിയാണ് അധ്യാപക ജീവിതത്തിലേക്ക് കടക്കുന്നത്.