താനെ: എടിഎം കൗണ്ടറിലുള്ളിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതോടെ കുറ്റക്കാരനായ യുവാവ് പിടിയിലായി.
ട്വിറ്ററിലാണ് യുവതി സംഭവം വിവരിച്ചത്. ജൻമദിനത്തിൽ പുലർച്ചെ മൂന്നോടെയാണ് യുവതി എടിഎം സെന്ററിലെത്തുന്നത്. ഓട്ടോറിക്ഷയ്ക്കു പണം നൽകുന്നതിനായി പണം പിൻവലിക്കാനാണ് യുവതി കൊപാരിയിലെ എസ്ബിഐ എടിഎമ്മിൽ കയറിയത്. പണം പിൻവലിക്കാൻ തടസം നേരിട്ടപ്പോൾ ഒരാൾ പണം നൽകാമെന്നു വാഗ്ദാനം ചെയ്തു. ഒപ്പം യുവതിയെ സ്പർശിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ ദൃശ്യവും യുവതി ട്വിറ്ററിൽ പങ്കുവച്ചു. എടിഎമ്മിനുള്ളിൽ അക്രമി യുവതിയെ സ്പർശിക്കാൻ ശ്രമിക്കുന്നതും യുവതി കാമറയുമായി തിരിയുന്പോൾ വീഡിയോയിൽ പകർത്തുന്നതു ശ്രദ്ധയിൽപ്പെട്ട യുവാവ് തിടുക്കത്തിൽ പുറത്തിറങ്ങി മുങ്ങുന്നതുമാണ് വീഡിയോയിലുള്ളത്.
എടിഎമ്മിൽനിന്നു പുറത്തിറങ്ങിയ ഉടൻതന്നെ ഒരു പോലീസ് വാഹനം ശ്രദ്ധയിൽപ്പെട്ട യുവതി വീഡിയോ പോലീസിനു കൈമാറി. അവർ ഉടൻതന്നെ അക്രമിക്കായി തെരച്ചിൽ ആരംഭിച്ചെന്നും ട്വീറ്റിൽ പറയുന്നു. പിന്നീട് അക്രമി അറസ്റ്റിലായതായി യുവതി ട്വിറ്ററിൽ അറിയിച്ചു.