തിരുവനന്തപുരം: പറവൂരിലെ ശാന്തിവനത്തിൽ കെഎസ്ഇബി നടത്തി വരുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ അടിയന്തര നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.
മുഖ്യമന്ത്രി നേരിട്ടു സ്ഥലം സന്ദർശിക്കണം. ബന്ധപ്പെട്ട ജനപ്രതിനിധികളും മറ്റുള്ളവരുമായും ചർച്ച നടത്തി പൊതുസ്വീകാര്യതയുടെ അടിസ്ഥാനത്തിൽ ബദൽ മാർഗങ്ങൾ കണ്ടെത്തണം. ശാന്തിവനത്തെ നശിപ്പിക്കാതെ നിർദ്ദിഷ്ട വൈദ്യുതി പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതായിരിക്കും ഉചിതം.
അമൂല്യമായ ശാന്തിവനം നശിപ്പിക്കപ്പെട്ടാൽ ഇതുപോലൊന്നു പുനർസൃഷ്ടിക്കാൻ ആർക്കുമാകില്ല. അതുകൊണ്ട് യാഥാർഥ്യബോധത്തോടെ രമ്യമായ പരിഹാരമുണ്ടാക്കി ശാന്തിവനത്തെ രക്ഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് സുധീരൻ അഭ്യർഥിച്ചു.
ടവർ നിർമിക്കാൻ ഒരു സെന്റിൽ താഴെ സ്ഥലം മാത്രം മതിയെന്ന് പറഞ്ഞിരുന്ന കഐസ്ഇബി ശാന്തിവനത്തിന്റെ അകത്തുകയറി 50 സെന്റ് അടിക്കാടും മരങ്ങളും ഉൾപ്പെടെയുള്ള സ്വാഭാവിക വനം വെട്ടി നശിപ്പിച്ചെന്നും പൈലിംഗ് നടത്തിയപ്പോൾ ഉണ്ടായ ചെളി പൂർണമായും കാടിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുക്കയെന്നും കത്തിൽ കുറ്റപ്പെടുത്തി.