സ്വന്തം ലേഖകൻ
തൃശൂർ: പൂരക്കടൽ തീർത്ത പുരുഷാരം പിരിയുകയായി. ആചാരപ്പെരുമയിലും ആഘോഷത്തനിമയിലും കൂടുതൽ നിറങ്ങൾ ചാലിച്ച് തൃശൂർ ഈ വർഷത്തെ പൂരം വിടവാങ്ങുകയാണ്. ചാറ്റൽ മഴയിൽ ഈറനണിഞ്ഞുകൊണ്ടാണ് ഇന്നു രാവിലെ നഗരം പകൽപ്പൂരത്തിലേക്കു പ്രവേശിച്ചത്.
വടക്കുന്നാഥനിലെ ശ്രീമൂലസ്ഥാനത്തെ നിലപാടു തറയിൽ ഭഗവതിമാരുടെ കോലമേന്തിയ ഗജവീരന്മാരായ തിരുവന്പാടി ചെറിയ ചന്ദ്രശേഖരനും പാറമേക്കാവിന്റെ ഗുരുവായൂർ നന്ദനും മുഖാമുഖം നിന്ന് തുന്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നതോടെ ഒരു പൂരത്തിനുകൂടി ശുഭസമാപ്തി.
പുലർച്ചെ വെടിക്കെട്ടിനുശേഷം മണികണ്ഠനാൽ പന്തലിൽനിന്നു ക്ഷേത്രത്തിലേക്കു തിരിച്ചുപോയ പാറമേക്കാവ് ഭഗവതിയും നായ്ക്കനാലിൽനിന്നു മടങ്ങിയ തിരുവന്പാടി ഭഗവതിയും രാവിലെ തിരിച്ചെത്തിയതോടെയാണ് പകൽപ്പൂരത്തിനു തുടക്കമായത്.
പാറമേക്കാവിന്റെ 15 ആനകളുമായുള്ള എഴുന്നള്ളിപ്പ് രാവിലെ ഏഴരയോടെ ആരംഭിച്ചു. കുഴൽപറ്റ്, കൊന്പുപറ്റ്, ചെന്പടയ്ക്കുശേഷം പാണ്ടിമേളത്തോടെയാണ് എഴുന്നള്ളിപ്പു പുരോഗമിച്ചത്. തിരുവന്പാടിയുടെ എഴുന്നള്ളിപ്പിനു രാവിലെ എട്ടരയോടെയാണു തുടക്കമായത്. നായ്ക്കനാലിൽനിന്ന് 15 ആനകളുമായി തുടങ്ങിയ ഘോഷയാത്ര.
തിരുവന്പാടിയുടെയും പാറമേക്കാവിന്റെയും എഴുന്നള്ളിപ്പുകൾ ഉച്ചയ്ക്കു പന്ത്രണ്ടോടെ വടക്കുന്നാഥ സന്നിധിയിൽ എത്തി. തുടർന്നു ഭഗവതിമാരുടെ തിടന്പേറ്റിയ ഗജരാജ·ാർ ശ്രീമൂലസ്ഥാനത്തു സംഗമിച്ചു. ജനസഹസ്രങ്ങൾ ആർപ്പുവിളികളോടെ കൈകളുയർത്തി തുള്ളിയാടി. പൂരത്തെ മൊബൈൽ കാമറകളിൽ മാത്രമല്ല, മനസിലും നിറച്ചുവച്ചുകൊണ്ടാണ് പുരുഷാരം പൂരപ്പറന്പൊഴിയുന്നത്.
കാതിൽ അലയടിച്ചുയർന്ന നാദപ്പെരുമഴയും വർണവിസ്മയങ്ങളും മോഹക്കാഴ്ചകളും അടുത്ത പൂരക്കാലം വരെ മനസിൽ പൂരവസന്തമൊരുക്കും.