ആലുവ: വനിത ക്വട്ടേഷനിൽ പതിനഞ്ചംഗ ഗുണ്ടകൾ യുവാവിനെ മണിക്കൂറുകളോളം മർദിച്ച് അവശനാക്കി റോഡിൽ തള്ളിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. നെടുന്പാശേരി ഗാന്ധിഗ്രാമത്തിൽ പെരിങ്ങാട്ട് പ്രിയകുമാർ എന്ന കണ്ണനെ (47) ആണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ലഭിച്ച സൂചനകൾ പ്രകാരം അത്താണി, കോട്ടായി ഭാഗത്തെ ഗുണ്ടാസംഘങ്ങൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായി പ്രിൻസിപ്പൽ എസ്ഐ മോഹിത് രാഷ്ട്രദീപികയോട് പറഞ്ഞു.
ഞായറാഴ്ച രാത്രി ആലുവ പറവൂർ കവലയ്ക്ക് സമീപം ഒത്തുതീർപ്പിനെന്ന വ്യാജേന നെടുന്പാശേരി വിമാനത്താവളത്തിലെ ഡ്രൈവർ കുട്ടമശേരി സ്വദേശി ഫൈസലിനെ ഗുണ്ടാസംഘം വിളിച്ചുവരുത്തുകയായിരുന്നു. വിമാനത്താവളത്തിലെ ഡ്രൈവറായ യുവതിയുമായി ജോലി സ്ഥലത്തുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഇവർ നല്കിയ ക്വട്ടേഷനായിരുന്നു സംഭവത്തിനു കാരണം.
പറവൂർ കവലയിലെത്തിയപ്പോൾ അപകടം മണത്തറിഞ്ഞ ഫൈസൽ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആക്രമികൾ താക്കോൽ ഉൗരിയെടുത്തു. തുടർന്ന് അറസ്റ്റിലായ കണ്ണൻ ഉൾപ്പെടെയുള്ള സംഘം ഫൈസലിനെ വാഹനത്തിൽ കയറ്റി ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. തുണിയിൽ ഇഷ്ടിക പൊതിഞ്ഞുവരെ മർദിച്ച ഫൈസലിനെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഫൈസലിന്റെ ഭാര്യ ജാസ്മിൻ ആലുവ ഡിവൈഎസ്പി കെ.എ. വിദ്യാധരനു നല്കിയ പരാതിയിൽ ആലുവ ഈസ്റ്റ് എസ്എച്ച്ഒ സലീഷ്, എസ്ഐ മോഹിത് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ കണ്ണൻ പിടിയിലായത്. ജോലിസ്ഥലത്ത് വനിതാ ഡ്രൈവറുമായി ബന്ധപ്പെടുത്തി അപവാദപ്രചാരണം നടത്തിയതിനെ ഫൈസൽ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിനു കാരണം.
തട്ടിക്കൊണ്ടുപോയി ഫൈസലിനെ പീഡിപ്പിക്കുന്നതിനിടയിൽ സംഘം യുവതിയേയും മകനേയും വിളിച്ചുവരുത്തി മർദിക്കാൻ അവസരം ഒരുക്കിക്കൊടുത്തതായും പരാതിയിൽ പറയുന്നു. കൂടാതെ ഫൈസലിന്റെ നഗ്നചിത്രങ്ങൾ പകർത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്ഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക് ആവശ്യപ്പെട്ടു.