റാന്നി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ പഴവങ്ങാടി വില്ലേജ് ഓഫീസ് വീർപ്പുമുട്ടുന്നു. പഴവങ്ങാടി പഞ്ചായത്തിലെ പഞ്ചായത്തിലെ 11 വാർഡുകളും നാറാണംമൂഴി പഞ്ചായത്തിലെ രണ്ട് വാർഡുകളും ഉൾപ്പെടുന്നതാണ് പഴവങ്ങാടി വില്ലേജ്. താലൂക്കിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും ജനത്തിരക്കുള്ള വില്ലേജ് ഓഫീസ് കൂടിയാണിത്. റാന്നി ഇട്ടിയപ്പാറ പ്രധാന ടൗണിൽ നിന്നും 200 മീറ്റർ പരിധിയിലാണ് വില്ലേജ് ഓഫീസ്.
വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കെട്ടിടമാണ് ഇവിടെയുള്ളത്. ഓഫീസിലേക്ക് എത്തിച്ചേരുന്ന പാത മുതൽക്കേ പ്രശ്നങ്ങൾ ആരംഭിക്കുകയാണ്.റാന്നി- ഒഴുവൻപാറ റോഡിൽ നിന്ന് ഇടുങ്ങിയ ഇടവഴിയും പടിക്കെട്ടുകളും കടന്നു വേണം വില്ലേജ് ഓഫീസിൽ എത്തിച്ചേരേണ്ടത്. ഇവിടെയെത്തുന്നവർ വാഹനങ്ങൾ പ്രധാന റോഡിൽ പാർക്ക് ചെയ്തിട്ടു മാത്രമേ ഓഫീസിലേക്കു കയറാനാകൂ. പ്രായമുള്ളവരാണ് ഇതു കാരണം ഏറെ ബുദ്ധിമുട്ടുന്നത്. വിവിധ ആവശ്യങ്ങൾക്ക് ദിനംപ്രതി നൂറുകണക്കിനാളുകളാണ് വില്ലേജിൽ എത്തുന്നത്.
വർഷങ്ങൾക്കു മുമ്പ് നിർമിച്ച രണ്ടുമുറി കെട്ടിടവും ഒരു വരാന്തയുമാണ് ഓഫീസിനുള്ളത്. ഓഫീസർ മുറിക്ക് പുറമേ ഒരു മുറി മാത്രമാണുള്ളത്. ഓഫീസർ ഉൾപ്പെടെ അഞ്ചു ജീവനക്കാരാണ് ഇവിടെയുള്ളത്. ഇടുങ്ങിയ മുറിക്കുള്ളിൽ നിന്ന് ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഫയലുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇവിടെ ഇല്ല. ആയതിനാൽ ഫയലുകൾ മുറിക്കുള്ളിൽ കെട്ടിക്കിടക്കുന്നതായി കാണാം.
വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലേക്ക് ആളുകൾ കയറിയാൽ തിക്കിത്തിരക്കുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. ഇതുമൂലം ജീവനക്കാർക്ക് സ്വസ്ഥമായി ജോലി ചെയ്യാൻ കഴിയുന്നുമില്ല. പത്തുപേർക്ക് ഒരുമിച്ച് നിൽക്കാൻ കഴിയുന്ന സൗകര്യം പോലും വില്ലേജ് ഓഫീസിലില്ല.10 സെന്റ് സ്ഥലം സ്വന്തമായുണ്ട്. കെട്ടിടത്തിന് മേൽക്കൂര റൂഫിംഗ് നടത്തി മൂടിയിരുന്നു. അടുത്തിടെ ഇതിനു മുകളിലേക്ക് മരം വീണത് മാറ്റാൻ പോലും കഴിഞ്ഞിട്ടില്ല.
പഴവങ്ങാടി വില്ലേജ് ഓഫീസിന്റെ സമീപത്തായാണ് റാന്നിയിലെ ബാർ ഹോട്ടൽ പ്രവർത്തിക്കുന്നത്. പ്രധാന റോഡിൽ മദ്യപാനികളിൽ തിരക്കു മൂലം സ്ത്രീകളുൾപ്പെടെയുള്ളവർക്ക് വില്ലേജ് ഓഫീസിലേക്ക് കടന്നു വരാൻ കഴിയാത്ത സ്ഥിതിയുള്ളതായും ആക്ഷേപമുണ്ട്. ഓഫീസിന്റെ സ്ഥലം പ്രയോജനപ്പെടുത്തി സ്വന്തമായി സൗകര്യപ്രദമായ ഒരു കെട്ടിടം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.