മഴമേഘം, റഡാര്‍, ഡിജിറ്റല്‍ കാമറ പ്രസ്താവനകള്‍ പുകയുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ പ്രസ്താവനകളൊന്നും ഒന്നുമല്ല, വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ ഇതിനെല്ലാം അപ്പുറമാണെന്ന് തെളിവ് സഹിതം കുത്തിപ്പൊക്കി വിമര്‍ശകര്‍ രംഗത്ത്.
താന്‍ എഞ്ചിനീറിംഗ് ബിരുദധാരിയാണെന്ന് ഒരു കന്നഡ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞതാണ് ഏറ്റവും പുതിയ ആയുധമാക്കി എതിരാളികള്‍ മാറ്റിയിരിക്കുന്നത്. ഏറ്റവും വലിയ നുണയന് എന്ന് ബിജെപി നേതാവിനെ കോണ്‍ഗ്രസ് പരിഹസിക്കാന്‍ തുടങ്ങിയിരിക്കെ 20 വര്‍ഷം മുമ്പ് ഒരു കന്നഡപത്രത്തിന് നല്കിയ അഭിമുഖത്തിന്റെ പേപ്പര്‍ കട്ടിംഗാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.
കന്നഡ വാരികയായ തരംഗയ്ക്ക് 1992 ല്‍ നല്കിയ ഒരു അഭിമുഖത്തില്‍ നരേന്ദ്രമോദി പറഞ്ഞത് താന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയെന്നായിരുന്നു. 1992 ജനുവരി 26 ലക്കം തരംഗയിലാണ് മോദിയുടെ ഈ വാദം അച്ചടിച്ചുവന്നിരിക്കുന്നത്. മോദിയുടെ അന്നത്തെ അവകാശവാദത്തിന്റെ ക്ലിപ്പിങ്ങുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
താന്‍ അവിവാഹിതനാണെന്നും മോദി ഈ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ചിത്രം സഹിതം പ്രസിദ്ധീകരിച്ചിരിക്കുന്ന അഭിമുഖത്തില്‍ ജയപ്രകാശ് നാരായണ്‍ 1974 ല്‍ നയിച്ച നവനിര്‍മ്മാണ്‍ യാത്രയില്‍ പങ്കാളിയായിരുന്നെന്നും പറയുന്നു. ഈ യാത്രയാണ് ഗുജറാത്തില്‍ ശ്രദ്ധിക്കപ്പെടുത്തിയത്. പിന്നീട് ആര്‍എസ്എസ് വഴി ഉയര്‍ന്നു. സംഘത്തിന്റെ സൗരാഷ്ട്ര വിഭാഗ് കാര്യകര്‍ത്തയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ആര്‍എസ്എസിന്റെയും ബിജെപിയുടെയും വികാസത്തിനായി പരിശ്രമിച്ചെന്നും മോദി തരംഗയോട് പറയുന്നു.
തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ ബിരുദാനന്തര ബിരുദധാരിയാണെന്നാണ് മോദി വ്യക്തമാക്കിയിരിക്കുന്നത്. 1967 ല്‍ ഗുജറാത്തില്‍ നിന്ന് എസ്എസ്എസി ബോര്‍ഡ് എക്സാം പാസായി. 1978 ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും 1983 ല്‍ അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
എന്നാല്‍ ഇത് രണ്ടും ഏത് വിഷയത്തിലാണെന്ന് വ്യക്തമാക്കിയിരുന്നില്ല. 2014 ലെ നാമനിര്‍ദേശ പത്രികയിലും പിജി നേടിയതായി കാണിച്ചിട്ടുണ്ടെങ്കിലും അതിലും വിഷയം ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം മോദിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ വിവാദമായപ്പോള്‍ ഗുജറാത്ത് സര്‍വ്വകലാശാല വൈസ് ചൈന്‍സലറായിരുന്ന എംഎന്‍ പട്ടേല്‍ നരേന്ദ്ര മോദി 62.3 ശതമാനം മാര്‍ക്കോടെ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിയിട്ടുണ്ടെന്ന് മറുപടി നല്കി. എന്നിരുന്നാല്‍ പോലും മോദി എഞ്ചിനീയറിംഗ് ബിരുദധാരിയാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.