വടക്കഞ്ചേരി: തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ പണം കൊണ്ട് പോകുന്നത് കർശന പരിശോധനകൾക്ക് വിധേയമാക്കുന്നതിനാൽ നാളികേര വിപണി പ്രതിസന്ധിയിലായി.കാലവർഷത്തിനു മുന്പേ നാട്ടിൽ അധികമായി വരുന്ന നാളികേരം മുഴുവൻ തമിഴ്നാട്ടിലേക്കാണ് കയറ്റി പോയിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ പണവുമായി എത്തി വടക്കഞ്ചേരി പാളയത്തുള്ള വി എഫ് പി സി കെ യുടെ വിപണന കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും നാളികേരം വാങ്ങി കയറ്റി പോകുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഭാഗമായി അതിർത്തി ചെക്ക് പോസ്റ്റുകളിലും വഴികളിലും വാഹന പരിശോധന കർശനമായപ്പോൾ കച്ചവടത്തിനായി വലിയ തുകകൾ പണമായി കൊണ്ട് വരാൻ കഴിയാതായി. ബാങ്ക് ഇടപാടുകളും കൂടുതൽ പുലിവാല് പിടിക്കുമെന്നതിനാൽ നാളികേരം എടുക്കാൻ ആളില്ലാതായെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു. നാളികേരത്തിന്റെ സീസണായതിനാൽ വിപണിയിൽ നാളികേര വരവും കൂടുതലാണ്.മഴക്കാലം അടുത്തെത്തിനിൽക്കെ, ഉള്ള നാളികേരം വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ് കർഷകരും.
ഇതിനാൽ നാളികേര വിലയും കുറഞ്ഞു. ഇപ്പോൾ കിലോക്ക് 24 രൂപക്കാണ് വി എഫ് പി സി കെ കേന്ദ്രത്തിൽ നാളികേരം എടുക്കുന്നത്. കിലോക്ക് 38 രൂപാ വരെ വില വന്നതായിരുന്നു. ജൂണ് മാസം മുതലുള്ള കേരളത്തിലെ മഴ മുതലെടുത്ത് തമിഴ്നാട്ടിലെ കൊപ്ര മില്ലുക്കാരാണ് ഇവിടുത്തെ നാളികേരമെല്ലാം വാങ്ങി കൂട്ടുക.
പിന്നീട് ഓണം സീസണിൽ വെളിച്ചെണ്ണയായി കേരളത്തിലേക്ക് തന്നെ ഇത് തിരിച്ചെത്തും.കേരളത്തിലേക്ക് മറ്റു ചരക്കുകളുമായി വരുന്ന ലോറികൾ തിരിച്ച് പോകുന്പോൾ നാളികേരം കയറ്റി പോകും. തമിഴ്നാട്ടിൽ കൂലി കുറവായതിനാൽ ഓയിൽ മില്ലുക്കാർക്കും കുറഞ്ഞ ചെലവിൽ ഉൽപ്പാദനം കൂട്ടി വരുമാനം വർധിപ്പിക്കാനുമാകും.
ഇനി ഫല പ്രഖ്യാപനം കഴിഞ്ഞു് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പിൻവലിക്കുന്നതോടെ മാത്രമെ നാളികേര വിപണി ഉണരു.അപ്പോഴെക്കും മഴ കനത്താൽ കണക്കുകൂട്ടലുകളും താളം തെറ്റുമെന്നാണ് വ്യാപാരികൾ പറയുന്നത്.