ബാങ്കുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയ തന്റെ മകളും ഭാര്യയും ഏറെ നാളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്. വായ്പ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ ഭാര്യയെ നിരന്തരമായി വിളിച്ചിരുന്നുവെന്ന് ചന്ദ്രന് ആരോപിച്ചു.
മകള്‍ മരിച്ച ശേഷവും ഇന്നലെ വൈകിട്ട് അഞ്ചുമണി വരെ ബാങ്കിന്റെ അഭിഭാഷകന് വിളിച്ച് പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ചിരുന്നുവെന്നും ചന്ദ്രന് വ്യക്തമാക്കി. ബാങ്ക് അധികൃതര്‍ വിളിച്ചതിന് ഭാര്യ ലേഖയുടെ ഫോണില്‍ തെളിവുണ്ടെന്നും ചന്ദ്രന് പറഞ്ഞു. വായ്പാ തിരിച്ചടവിനായി ബാങ്ക് അധികൃതര്‍ മകളുടെയും ഒപ്പുവാങ്ങി. ഇതിനായി മാനേജറാണ് മകളെ നിര്‍ബന്ധിച്ചത്.
ഒപ്പിട്ടതോടെ കുട്ടി വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നു. ഒരു ദിവസം തന്നെ പലവട്ടം വിളിച്ച് സമ്മര്‍ദ്ദപ്പെടുത്തിയിരുന്നു. ശനിയാഴ്ച അഭിഭാഷക കമ്മീഷന് എത്തി ഒപ്പിടീപ്പിച്ചിരുന്നു തുടര്‍ന്ന് നാല് ദിവസത്തെ അവധിയാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഇരുവരും ദേഹത്തു തീകൊളുത്തിയത്. വൈഷ്ണവി തല്‍ക്ഷണം മരിച്ചു. ഗുരുതരപൊള്ളലേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണു മരിച്ചത്.
15 വര്‍ഷം മുമ്പ് കനറാ ബാങ്ക് നെയ്യാറ്റിന്‍കര ശാഖയില്‍നിന്നു ചന്ദ്രനും കുടുംബവും വീടുവയ്ക്കാന്‍ അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. അന്നു ചന്ദ്രന് വിദേശത്തു ജോലിയുണ്ടായിരുന്നെങ്കിലും പിന്നീടതു നഷ്ടമായി. അതോടെ വായ്പയുടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. പലിശ പെരുകിയതോടെ ബാങ്കില്‍ അടയ്ക്കാനുള്ള തുക 6.85 ലക്ഷമായി. ഇതേത്തുടര്‍ന്ന് ബാങ്ക് ജപ്തി നടപടിയാരംഭിച്ചു.
ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയശേഷം മരപ്പണി ചെയ്തിരുന്ന ചന്ദ്രന് നിത്യച്ചെലവിനുതന്നെ ബുദ്ധിമുട്ടിയിരുന്നു. സ്ഥലം വിറ്റ് വായ്പ തിരിച്ചടയ്ക്കാനുള്ള ശ്രമവും വിജയിച്ചില്ല. കഴിഞ്ഞയാഴ്ച ബാങ്കിലെത്തിയ ചന്ദ്രന്, സ്ഥലം വില്ക്കാന് സാവകാശം തേടിയതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ബാങ്ക് അനുവദിച്ചില്ല. ചൊവ്വാഴ്ച്ച വൈകിട്ടുവരെയാണു പണമടയ്ക്കാന്‍ സമയമനുവദിച്ചത്.
ബാങ്ക് നല്കിയ സമയം അവസാനിക്കാനിരിക്കേ, ഉച്ചകഴിഞ്ഞ് രണ്ടരയോടെ ലേഖയും മകളും ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ആളുകള്‍ ഓടിയെത്തിയപ്പോഴേക്കു തീ പടര്‍ന്നു. വൈഷ്ണവി സംഭവസ്ഥലത്തുതന്നെ മരിച്ചു. 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടു മരിച്ചു. സംഭവത്തേത്തുടര്‍ന്ന് ബാങ്കിനെതിരേ വന്ജനരോഷമുയര്ന്നത്.
അതേസമയം, ജപ്തിയുടെ പേരില്‍ കുടുംബത്തിനുമേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ഭവനവായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനേത്തുടര്‍ന്ന് കോടതിയില്‍ കേസ് കൊടുത്തിരുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനുവദിച്ച സമയം ഇന്നലെ അവസാനിക്കാനിരിക്കുകയായിരുന്നെന്നും ബാങ്ക് വ്യക്തമാക്കി.