ആലപ്പുഴ: പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ചൂടിലേക്ക് കടക്കാതെ സ്കൂൾ വിപണി. സ്കൂൾ വിപണിയിൽ പ്രധാനപ്പെട്ട ചെരുപ്പു വിൽപന കാര്യമായ ചലനമില്ലാതെയാണ് നീങ്ങുന്നത്. അടുത്ത ആഴ്ചയോടെ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. സ്കൂൾ യൂണിഫോമിന്റെ ഭാഗമായ ഷൂസുകൾ വാങ്ങാനാണ് കൂടുതൽ പേരും എത്തുന്നത്. 169 രൂപ മുതൽ 450 രൂപ വരെ വിലയുള്ള ഷൂസുകൾ വിപണിയിൽ ലഭ്യമാണ്.
ജൂണ് അടുക്കുന്നതോടെ കടകളിൽ തിരക്കു വർധിക്കും. സ്കൂൾ ബാഗുകൾക്കും പുതിയ അധ്യയന വർഷത്തിൽ ആവശ്യക്കാരേറെയാണ്. കുട്ടികളെ ആകർഷിക്കാൻ ആനിമേഷൻ കഥാപാത്രങ്ങളുടെ ചിത്രങ്ങളുമായാണ് സ്കൂൾ ബാഗുകൾ കൂടുതലും വിപണിയിലെത്തിച്ചിരിക്കുന്നത്. സ്പൈഡർമാൻ, ഫാന്റം, ഡോറ, ഡൊണാൾഡ് ഡക്ക്, ഛോട്ടാ ഭീം തുടങ്ങിയവരെല്ലാം കുട്ടികളെ ’ പാട്ടിലാക്കാൻ’ എത്തിയിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ബ്രാൻഡഡ് ഇനങ്ങൾക്ക് ആവശ്യക്കാർ ഉണ്ടെന്ന് വ്യാപാരികൾ പറയുന്നു.
പരസ്യങ്ങൾ ഇതിനു കാരണമാകുന്നുണ്ട്. രക്ഷിതാക്കളെ ആകർഷിക്കാൻ 25 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ടും ചില വാപാരികൾ നൽകുന്നുണ്ട്. വ്യാപാരത്തിൽ മത്സരം കൂടിയുള്ള കുട വിപണിയിൽ കുട്ടികളെ ആകർഷിക്കാൻ നിർമാതാക്കൾ ഒരുങ്ങിക്കഴിഞ്ഞു. കുട വിപണി നേരത്തെതന്നെ സജീവമായിട്ടുണ്ട്. കുടയുടെ കൂടെ ഫ്രീ ലഭിക്കുന്ന തറയിലും ഭിത്തിയിലും ഒരുപോലെ ഓടാൻ കഴിവുള്ള റിമോട്ട് കാറാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.
590 രൂപയാണ് കുടയുടെ വില. കുടയുടെ മുകൾ ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കുഞ്ഞിവിമാനമാണ് മറ്റൊരു ആകർഷണം. വില 500 വരും. ചൂടിന് കാറ്റു നൽകാൻ ഫാൻ കുടകളും വിപണിയിലുണ്ട്. ഇതുകൂടാതെ വർണാഭമായ ചിത്രങ്ങളോടുകൂടിയ കുടകളും കുട്ടികളെ കാത്ത് വിപണിയിലുണ്ട്. ഏതായാലും കുടയും ചെരിപ്പും ബാഗും ഉൾപെടുന്ന സ്കൂൾ വിപണി നൽകുന്ന കച്ചവടം കനിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.