ആലുവ: നെടുന്പാശേരി വിമാനത്താവളത്തിലെ ഡ്രൈവർ കുട്ടമശേരി സ്വദേശി ഫൈസലിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ക്വട്ടേഷൻ നല്കിയ യുവതിയുടെ ഭർത്താവിനെ റിമാൻഡ് ചെയ്തു. യുവതിയടക്കം ഏഴോളം പേർ ഒളിവിലാണെന്നു പ്രിൻസിപ്പൽ എസ്ഐ മോഹിദ് രാഷ്ട്രദീപികയോടു പറഞ്ഞു.
അത്താണി, കോട്ടായി ഭാഗത്തെ ഗുണ്ടാസംഘങ്ങളാണ് സംഭവത്തിനു പിന്നിലെന്നു അറസ്റ്റിലായ യുവതിയുടെ ഭർത്താവ് നെടുന്പാശേരി ഗാന്ധിഗ്രാമത്തിൽ പെരിങ്ങാട്ട് പ്രിയകുമാർ എന്ന കണ്ണൻ (47) മൊഴി നല്കിയിരുന്നു. അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന മർദനത്തിനിരയായ ഫൈസലിനെ ആലുവ ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇപ്പോൾ ആയുർവേദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ജോലി സ്ഥലത്ത് വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നു യുവതി നല്കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലായിരുന്നു മർദനം. അനുരഞ്ജനത്തിനെന്ന വ്യാജേന ആലുവ പറവൂർ കവലയിൽ വിളിച്ചു വരുത്തിയ സംഘം ഫൈസലിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു.
ഫൈസലിനെ മറ്റൊരു വനിതാ ഡ്രൈവറുമായി ചേർത്ത് അപവാദ പ്രചരണം നടത്തിയതു ചോദ്യം ചെയ്തതാണ് ക്വട്ടേഷൻ കൊടുക്കാൻ കാരണമെന്ന് ആലുവ ഡിവൈഎസ്പിക്ക് ഫൈസലിന്റെ ഭാര്യ നല്കിയ പരാതിയിൽ പറയുന്നു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന സൂചനയാണ് പോലീസ് നല്കുന്നത്.