മുക്കം: സംസ്ഥാനത്തെ റോഡ് ടാറിംഗിലെ പ്ലാസ്റ്റിക് ഉപയോഗം മോണിറ്റർ ചെയ്യുന്നതിന് സംസ്ഥാന തല മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റേയും നിയന്ത്രണത്തിലുള്ളതോ ഉടമസ്ഥതയിലുള്ളതോ ആയ റോഡുകൾ ടാർ ചെയ്യുമ്പോൾ നിശ്ചിത ശതമാനം പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.
എന്നാൽ ഇത് പലയിടത്തും പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം ഉയർന്നതോടെയാണ് സർക്കാർ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചത്. സർക്കാർ നിർദേശം കർശനമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമാണ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചത്. റോഡുകളുടെ നിലവാരവും ഉറപ്പും നിലനിർത്തുന്നതിനും പ്ലാസ്റ്റിക് സംസ്കരണത്തിന്റെ മറ്റൊരു മാർഗമെന്ന നിലയിലുമാണ് റോഡ് ടാറിംഗിന് പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നത്.
ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സന്റെ അധ്യക്ഷതയിൽ രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയിൽ നഗരകാര്യ വകുപ്പ് ഡയറക്ടർ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ.