ഭൂമിയിലെ ഏറ്റവും ആഴമേറിയ സമുദ്രഭാഗമായ മരിയാന ട്രഞ്ചിലും പ്ളാസ്റ്റിക് മാലിന്യം. ഫിലിപ്പീൻസിനും ജപ്പാനും ഇടയിലുള്ള പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിന്റെ ആഴം പതിനൊന്നു കിലോമീറ്ററാണ്.അമേരിക്കൻ സാഹസിക പര്യവേക്ഷകൻ വിക്ടർ വെസ്കോവോ ഒറ്റയ്ക്കു നടത്തിയ സാഹസിക പര്യവേക്ഷണത്തിലാണ് മരിയാന ട്രഞ്ചിൽ പ്ളാസ്റ്റിക് ബാഗും മിഠായിക്കടലാസുകളും കണ്ടത്.
പതിനഞ്ചടി നീളവും ഒന്‍പതടി വീതിയുമുള്ള ചെറുമുങ്ങിക്കപ്പലിലാണ് മരിയാന ട്രഞ്ചിന്റെ ആഴത്തിലേക്ക് മുൻ നാവിക ഓഫീസറായ അന്പത്തിമൂന്നുകാരൻ വിക്ടർ മുങ്ങിയത്. 35,853 അടി ആഴത്തിൽ വരെ അദ്ദേഹം എത്തി. ഇതിനുമുന്‍പ് മരിയാന ട്രഞ്ചിൽ പര്യവേക്ഷണം നടത്തിയ കനേഡിയൻ സിനിമാ നിർമാതാവ് ജെയിംസ് കാമറോണിന് 35,787 അടി ആഴംവരെ മാത്രമേ എത്താനായുള്ളൂ.
ഡിസ്കവറി ചാനലിന്റെ ‘ഫൈവ് ഡീപ്സ് എക്സ്പെഡിഷൻ’ എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു വിക്ടർ വെസ്കോവോയുടെ പര്യവേക്ഷണം.
അറ്റ്ലാന്റിക് സമുദ്രത്തിലെ പ്യൂർട്ടോ റിക്കോ ട്രഞ്ച്, തെക്കൻ അറ്റ്ലാന്റിക്കിലെ സൗത്ത് സാൻഡ്വിച്ച് ട്രഞ്ച്, ഇന്ത്യൻ സമുദ്രത്തിലെ ജാവാ ട്രഞ്ച് എന്നിവിടങ്ങളിൽ നേരത്തേ പര്യവേക്ഷണം നടത്തിയിരുന്നു. അടുത്തത് ആർക്ടിക് സമുദ്രത്തിലെ മൊളോയ് ഡീപ് ആണ്. ഓഗസ്റ്റിലായിരിക്കും ഈ പര്യവേക്ഷണം.