തലശേരി: സിപിഎം പ്രവർത്തകനായ പൊന്ന്യം നാമത്ത്മുക്ക് പവിത്രത്തില്‍ പാറക്കണ്ടി പവിത്രനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് -ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടത്തി.
തലശേരി അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍. വിനോദാണ് വിധി പറയുന്നത്. ആര്‍എസ്എസ് -ബിജെപി പ്രവർത്തകരായ പൊന്ന്യംവെസ്റ്റ് ചെങ്കളത്തില്‍ വീട്ടില്‍ സി.കെ. പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ.സി. അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളി പാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ.മഹേഷ് (38) എന്നിവരാണ് പ്രതികള്‍. നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് പിന്നീട് മരിച്ചു.
പാല്‍വാങ്ങുന്നതിനായി വീട്ടില്‍ നിന്ന് പൊന്ന്യം നായനാർ റോഡിലേക്ക് നടന്നുപോവുകയായിരുന്ന പവിത്രനെ 2007 നവംബര്‍ ആറിന് പുലര്‍ച്ചെ അഞ്ചേമുക്കാലിന് നാമത്ത്മുക്ക് അങ്കണവാടിക്ക് സമീപം വച്ചാണ് അക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ചത്.
പാല്പാത്രം ഉപേക്ഷിച്ച് തൊട്ടടുത്തുള്ള മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ അക്രമി സംഘം തലയ്ക്കും കൈകാലുകള്‍ക്കും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നവംബർ 10ന് പുലര്‍ച്ചെ 12.45നാണ് മരണം.
കൊല്ലപ്പെട്ട പവിത്രന്റെ ഭാര്യ രമണി, മകന് വിപിന്‍, ഏഴാംപ്രതി വിജിലേഷിനെ തിരിച്ചറിയല്പ രേഡ് നടത്തിയ മലപ്പുറം ജില്ല സെഷന്‍സ് ജഡ്ജി സുരേഷ്കുമാര്‍ പോള്‍ എന്നിവരടക്കം 23 സാക്ഷികളെ വിസ്തരിച്ചിരുന്നു. 48 രേഖകളും ആയുധങ്ങള്‍ ഉള്‍പ്പെടെ 21 തൊണ്ടിമുതലുകളും അന്യായക്കാരും 17 രേഖകള്‍ പ്രതിഭാഗവും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യുട്ടര്‍ വിനോദ്കുമാര്‍ ചമ്പളോൻ ഹാജരായി.