തളിപ്പറമ്പ്: ആ പൂമുഖപ്പടിയില്‍ ഇനി കുട്ടികളുടെ കലപില ശബ്ദം മുഴങ്ങില്ല, ഒരു കാലഘട്ടത്തിന്റെ ചരിത്രത്തോട് ഇഴചേര്‍ന്നു നിന്ന തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിന്റെ 125 വര്‍ഷം പഴക്കമുള്ള പ്രധാന കെട്ടിടം ഇനി ഓര്മ മാത്രം. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരും, മുന്‍ എംഎല്‍എ കെ.പി.ആര്.ഗോപാലനും, കെ.പി.ആര്.രയരപ്പനും, സ്വാതന്ത്യ സമര സേനാനി കെ.മാധവനും, കെല്‍ട്രോണ്‍ സ്ഥാപകനായ കെ.പി.പി.നമ്പ്യാരും റിട്ട. ഡിജിപി ടി.വി.മധുസൂദനനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പഠിച്ച പൂമുഖത്തോട് കൂടിയ നാലുകെട്ട് നവീകരണത്തിനുവേണ്ടി കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റി.
1894 ല്‍ ഏഴോം സ്വദേശി മുത്തേടത്ത് മല്ലിശേരി കുബേരന് നമ്പൂതിരിപ്പാടാണ് മുത്തേടത്ത് ഹൈസ്കൂള്‍ സ്ഥാപിച്ചത്. ആദ്യം ചിറവക്കില്‍ ഇംഗ്ലിഷ് മീഡിയം സ്കൂളായി ആരംഭിച്ച വിദ്യാലയം പിന്നീടാണ് തളിപ്പറമ്പ് നഗരത്തിന് സമീപത്തേക്ക് മാറ്റുന്നത്. ആ കാലഘട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടം തന്നെയായിരുന്നു ഇതുവരെ ചില അറ്റകുറ്റപ്പണികളോടെ നില നിര്‍ത്തിയിരുന്നത്.
നാലുകെട്ട് അതുപോലെ നിലനിര്‍ത്തണമെന്ന് സ്കൂള്‍ ഭരണസമിതിയിലെ ഭൂരിഭാഗം പേര്‍ക്കും താല്പര്യമുണ്ടായിരുന്നുവെങ്കിലും കാലത്തിനൊത്ത നവീകരണം നടത്താന്‍ ഇത് പൊളിക്കാതെ പറ്റില്ലെന്നായതോടെയാണ് മനസില്ലാ മനസോടെയാണെങ്കിലും പൊളിക്കാന്‍ ഒടുവില്‍ സ്കൂള്‍ മാനേജ്മെന്റ് തീരുമാനിച്ചത്. രാജ്യത്തിന് അകത്തും പുറത്തും അറിയപ്പെട്ട നിരവധി പ്രമുഖര്‍ ഇവിടെ പഠിച്ചിറങ്ങിയവരാണ്.
ഇപ്പോള്‍ പൊളിച്ച് നീക്കിയ കെട്ടിടത്തിലാണ് പതിറ്റാണ്ടുകളായി തളിപ്പറമ്പിലെ സാംസ്കാരികവും രാഷ്ട്രീയവുമായ മിക്ക പരിപാടികളും നടത്തിയിരുന്നത്. ഒരു വര്‍ഷം കൊണ്ട് തന്നെ മുന്ന് നിലകളുള്ള പുതിയ കെട്ടിടം ഇവിടെ നിര്‍മിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. നിരവധി പൂര്‍വ വിദ്യാര്‍ഥികളാണ് കെട്ടിടം പൊളിക്കുന്ന വിവരമറിഞ്ഞ് തങ്ങളുടെ സ്കൂളിന്റെ മറക്കാനാവാത്ത ആ പൂമുഖം അവസാനമായി കാണാന്‍ സ്കൂളില്‍ എത്തിച്ചേര്‍ന്നത്.
മ