പാലക്കാട്: മൂന്നുപേരെ വഹിച്ചുള്ള ഇരുചക്രവാഹന യാത്രയും വ്യാപകമായതോടെ പിടിക്കപ്പെടുന്ന വാഹനങ്ങൾക്ക് ഇരട്ടി പിഴ അടയ്ക്കണം. വ്യത്യസ്തമായ രീതിയിൽ ഹെയർ സ്റ്റൈൽ സൂക്ഷിക്കാൻ ഹെൽമറ്റ് ധരിക്കാൻ മടിക്കുന്ന കുട്ടികളുടെ പ്രവണത ഇരുചക്ര വാഹനാപകട വർധനവിന് കാരണമാകുന്നതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
ഹെൽമെറ്റ് ഇല്ലാത്തവർ 600 രൂപ വരെ പിഴ നല്കേണ്ടി വരും. കൂടാതെ മോട്ടോർ വാഹനവകുപ്പിന്റെ എടപ്പാൾ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ബോധവത്കരണ ക്ലാസിൽ നിർബന്ധമായി പങ്കെടുക്കുകയും വേണം.ഓവർടേക്കിങ് ഒഴിവാക്കുക, ഇരുചക്രവാഹനങ്ങളിൽ സാരി ഗാർഡ് ഘടിപ്പിക്കുക, ഇരുചക്രവാഹനങ്ങളുടെ വേഗതാ പരിധി മണിക്കൂറിൽ 60 കിലോമീറ്റർ ആണെങ്കിലും പുതിയ ട്രെൻഡ് ബൈക്കുകൾ അമിത വേഗതയിലാണ് പായുന്നത്. അശ്രദ്ധയോടെയുള്ള ഓവർടേക്കിംഗും അപകടങ്ങൾക്ക് ഇടയാക്കുന്നു.
ഇരുചക്ര വാഹനാപകടങ്ങളിൽ തലയ്ക്കുണ്ടാകുന്ന മാരക പരിക്കാണ് പലപ്പോഴും മരണത്തിനിടയാക്കുന്നത്. അതിനാൽ പിറകിൽ ഇരിക്കുന്നവർ അടക്കം ഹെൽമെറ്റ് ധരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ സാരിയും ചുരിദാറിന്റെ ഷോളും ചക്രത്തിന് ഇടയിൽ കുടുങ്ങി പലപ്പോഴും അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാൻ ടയറുകൾക്ക് മുകളിൽ സാരി ഗാർഡ് ഘടിപ്പിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്നു.
പേടിക്കണം മൂന്നാം കണ്ണ്; ശിക്ഷ തപാലിൽ എത്തും
പാലക്കാട്: മോട്ടോർ വാഹനവകുപ്പ് അധികൃതർ കൈ കാണിച്ചു നിർത്താൻ ആവശ്യപ്പെടുന്പോൾ വെട്ടിച്ചു പോകുന്നവർ ഇനി രക്ഷപ്പെട്ടുവെന്ന് കരുതേണ്ട. ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങളടക്കം വാഹന ഉടമയുടെ അഡ്രസിൽ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കും.
നിയമം ലംഘിക്കുന്നവർ അറിയാതെയാണ് അവരെ കുടുക്കാൻ ക്യാമറകളുമായി ഉദ്യോഗസ്ഥർ നിരത്തുകളിൽ പരിശോധനയ്ക്കിറങ്ങുന്നത്. മൂന്നാംകണ്ണ് പരിപാടി ആരംഭിച്ചിട്ട് ഒരു മാസത്തിനിടെ മുപ്പത്തിയഞ്ചോളം വാഹനങ്ങൾക്കാണ് നിയമലംഘനത്തിന് ചിത്രമടക്കം നോട്ടീസ് അയച്ചത്.