തിരുവനന്തപുരം: പോലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇടക്കാല റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മറ്റ് സംസ്ഥാനങ്ങളിൽ ഡ്യൂട്ടിക്ക് പോയിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവർ മടങ്ങിയെത്തിയാൽ മാത്രമെ മൊഴി രേഖപ്പെടുത്താൻ സാധിക്കുകയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കുന്നത്.
കൂടാതെ പോസ്റ്റൽ വോട്ടുകൾ എണ്ണിയാൽ മാത്രമെ എത്ര വോട്ടുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടുവെന്നും ആരെല്ലാമാണ് ക്രമക്കേട് നടത്തിയതെന്ന് കൂടുതൽ വ്യക്തത വരികയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളുടെ നിഗമനം. പോസ്റ്റൽ വോട്ട് ക്രമക്കേടിൽ ആരോപണ വിധേയനായ പത്മനാഭസ്വാമിക്ഷേത്രത്തിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കമാൻഡോ വിശാഖിനെതിരെ അന്വേഷണം തുടരുകയാണ്.
പോസ്റ്റൽ ബാലറ്റ് ശേഖരണവുമായി ബന്ധപ്പെട്ട് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച ശബ്ദസന്ദേശത്തിന്റെ പരിശോധന നടത്താൻ ഉൾപ്പെടെ കൂടുതൽ സമയം ചോദിച്ച് കൊണ്ടാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട്.
ക്രൈംബ്രാഞ്ച് ഐജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇടക്കാല റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്.
പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഡിജിപിയോട് ഉത്തരവിട്ടത്.