ഉപ്പുതറ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 19-കാരനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ കുളത്തുംകാലായിൽ സുജിത്താണ് പിടിയിലായത്. പ്രണയംനടിച്ച് പെണ്‍കുട്ടിയെ വീട്ടിലാരുമില്ലാതിരുന്ന സമയത്ത് പീഡിപ്പിച്ചതായാണ് പരാതി. കുറച്ചുദിവസമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കൾ പരാതിയെത്തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ കൗണ്‍സലിംഗിനു വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ഉപ്പുതറ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സുജിത്ത് എറണാകുളത്ത് വിദ്യാർഥിയാണ്. അവധി ദിവസങ്ങളിൽ ഇയാൾ ഓട്ടോറിക്ഷ ഓടിക്കാറുണ്ട്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തുള്ള പരിചയമാണ് പ്രണയത്തിൽ കലാശിച്ചത്. ഉപ്പുതറ സിഐ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സുജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.