രാജാക്കാട്: ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബത്തെ പ്രവാസി ദന്പതികൾ ദത്തെടുത്തു. പത്തനംതിട്ട മല്ലപ്പള്ളി മേത്രയിൽ കോലറയിൽ ജോർജ് തോമസും കുടുംബവുമാണ് ഇടുക്കി പൊൻമുടി ഉപ്പൂട്ടിൽ ജോണി തോമസിന്റെ കുടുംബത്തിനു സഹായവുമായി എത്തിയത്. 2018 ഓഗസ്റ്റ് 15 ന് അർധരാത്രിയാണ് ജോണിയുടെ വീടിന്റെ പിൻഭാഗത്ത് ഉരുൾപൊട്ടിയത്.
മണ്ണിടിച്ചിലിൽ ഒഴുകിവന്ന വലിയ കല്ലുകളും കടപുഴകിയ കൂറ്റൻ തേക്ക് മരവും വീടിന്റെ മുകളിൽ പതിച്ച് മേൽക്കൂരയും രണ്ടുമുറികളും പൂർണമായി തകർന്നു. തകർന്ന മുറിയുടെ സമീപത്തുള്ള മുറിയിലായിരുന്ന ജോണിയും ഭാര്യ ഏലിയാമ്മയും മകൻ ജോഷിയും അത്ഭുകരമായാണ് രക്ഷപ്പെട്ടത്. വീടും വീട്ടുപകരണങ്ങളും ഭൂരിഭാഗവും നശിച്ച ഇവർ ദിവസങ്ങളോളം ദുരിതാശ്വാസ ക്യാന്പിലായിരുന്നു.
കിഴുക്കാംതൂക്കായ മലഞ്ചെരുവിൽ 11 സെന്റ് സ്ഥലം മാത്രമാണ് കൂലിപ്പണിക്കാരായ ഇവർക്കുള്ളത്. ഭവന നിർമാണ സഹായത്തിനു അപേക്ഷ നൽകിയെങ്കിലും ഭൂമി വാസയോഗ്യമല്ലെന്ന കാരണത്താൽ വീട് അനുവദിച്ചില്ല. മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിഞ്ഞ ജോർജിന്റെ ഭാര്യ ശോഭന വിദേശത്തുനിന്ന് അവധിക്കെത്തിയപ്പോൾ സ്ഥലത്തെത്തി ഈ കുടുംബത്തിന്റെ ദുരവസ്ഥ നേരിട്ടുകണ്ടിരുന്നു. മല്ലപ്പിള്ളിയിൽ ഇവരുടെ വീടിനു സമീപം 10 സെന്റ് സ്ഥലവും അവിടെ വീടും നിർമിച്ചുനൽകും. ചൊവ്വാഴ്ച പൊന്മുടിയിൽ ജോണിയുടെ തകർന്ന വീട്ടിൽ വീണ്ടും എത്തി അവരെ മല്ലപ്പള്ളിക്ക് കൂട്ടിക്കൊണ്ടുപോയി.
ഭൂമിയുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി ഉടൻതന്നെ വീടിന്റെ നിർമാണം ആരംഭിക്കും. 30 വർഷത്തിലേറെയായി ദുബായിൽ ജോലിചെയ്യുന്ന ജോർജും ശോഭനയും സാമൂഹികസേവന രംഗത്ത് സജീവമാണ്. ഷാർജാ മാർത്തോമാ ചർച്ച്, മല്ലപ്പിള്ളി അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളിലെ സജീവ പ്രവർത്തകരാണ് ഇരുവരും.