കോട്ടയം: കല്ലട ബസുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് സർവീസുകൾക്കെതിരെ പരിശോധന ശക്തമാക്കിയതോടെ നിരക്ക് വർധിപ്പിച്ച് ബസ് ഉടമകൾ. പരിശോധന ശക്തമാക്കിയതോടെ അനധികൃത ചരക്കുകടത്തു പിടികൂടി പിഴയടപ്പിക്കലും നടക്കുന്നു.
പിഴത്തുക യാത്രക്കാരിൽനിന്ന് ഈടാക്കിയാണു ബസ് ഉടമകൾ പണം കണ്ടെത്തുന്നത്. ടിക്കറ്റ് നിരക്കിൽ പ്രത്യേക മാനദണ്ഡമില്ലാതെയാണു ഈടാക്കുന്നത്. ബംഗളൂരുവിനു സെമി സ്ലീപ്പർ 900-1100 രൂപയും സ്ലീപ്പറിന് 1600-1900 രൂപ വരെയുമാണ് ഈടാക്കുന്നത്.
കോണ്ട്രാക്ട് കാര്യേജ് പെർമിറ്റ് എടുക്കുകയും എവിടെനിന്നും യാത്രക്കാരെ കയറ്റുകയും ചെയ്യുന്ന അന്തർ സംസ്ഥാന സർവീസുകൾ ഭൂരിഭാഗവും പിടികൂടിയാൽ പിഴ ഉറപ്പാണ്. എതിർപ്പൊന്നുമില്ലാതെ പിഴയടയ്ക്കുന്ന ബസ് ജീവനക്കാർ ഈ തുകയ്ക്കു തുല്യമായ തുക ടിക്കറ്റിൽ വർധിപ്പിക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ഞായറാഴ്ച മോട്ടോർ വാഹനവകുപ്പ് അധികൃതർ കോട്ടയത്തു പരിശോധിച്ച 18 ബസുകളിൽ 10 എണ്ണവും നിയമലംഘനം നടത്തിയതായി കണ്ടെത്തി.
പിഴയിനത്തിൽ 30,000 രൂപയിലേറെ ഈടാക്കുകയും ചെയ്തു. കോണ്ട്രാക്ട് കാര്യേജ് ലൈസൻസിൽ യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽനിന്നു കയറ്റിയിറക്കുന്നതിനും നികുതി വെട്ടിച്ചു ചരക്കു കടത്തുന്നതിനുമാണു നടപടി സ്വീകരിച്ചത്. എല്ലാ ദിവസവും ഇത്തരത്തിൽ പരിശോധനയും നടപടിയും സ്വീകരിക്കുന്നുണ്ട്.
പരിശോധനയും ക്രമക്കേടും ആവർത്തിക്കുന്പോഴും ഒരു ബസ് പോലും സ്റ്റേജ് കാരിയറിലേക്കു മാറാൻ തയാറാകുന്നില്ല. പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയാൽ പിഴയായ 5,000 രൂപ മടിയൊന്നുമില്ലാതെ നൽകാൻ ബസ് ജീവനക്കാർ തയാറുമാണ്. പിഴയടച്ചാൽ പ്രശ്നമൊന്നുമില്ലാതെ രക്ഷപ്പെടാമെന്നതിനാൽ യാതൊരു നിയന്ത്രണവുമില്ലാതെ ചരക്കു നീക്കവും തകൃതിയായി നടക്കുന്നുണ്ട്. രാവിലെ വരുന്ന എല്ലാ ബസുകളിലും പൂക്കളും ടയർ ഉൾപ്പെടെയുള്ള സാധനങ്ങളും വ്യാപകമായി എത്തിക്കുന്നുണ്ട്.
അധികൃതർ പിഴ ചുമത്തുന്നതോടെ നിയമവിധേയമായെന്നാണു ബസ് ജീവനക്കാർ കരുതുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പരിശോധന ശക്തമായതോടെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കളുടെ വരവിനെയും ചെറിയരീതിയിൽ ബാധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും സമാനമായ രീതിയിൽ സർവീസ് നടത്തുന്നുണ്ട്.
കോണ്ട്രാക്ട് കാരിയറായി പെർമിറ്റ് എടുത്ത വാഹനങ്ങൾ എല്ലാ പ്രധാന സ്റ്റോപ്പിൽനിന്നും യാത്രക്കാരെ കയറ്റും. ഇത്തരത്തിൽ സർവീസ് നടത്തുന്ന ബസുകളിൽ ടിക്കറ്റ് നൽകാൻ പാടില്ലെന്നാണു വ്യവസ്ഥയെങ്കിലും ടിക്കറ്റ് നൽകിയാണു സർവീസ് നടത്തുന്നത്.
കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്കും ഇത്തരത്തിൽ സർവീസ് നടത്തുന്നുണ്ട്. ഇത്തരം സർവീസുകൾക്കെതിരേയും ഉടൻ നടപടിയുണ്ടാകുമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.