ആലുവ: മധ്യവയസ്കയായ വീട്ടമ്മയെ ഓസ്ട്രേലിയയിലെ വീട്ടിൽ ജോലിക്ക് നിർത്തിയശേഷം മലയാളികുടുംബം ശമ്പളം നൽകാതെ കബളിപ്പിച്ചതായി പരാതി. വെറ്റിലപ്പാറ കുറ്റിച്ചിറ പച്ചേരി ത്രേസ്യാമ്മ (60)ആണ് പരാതിയുമായി ആലുവ വനിതാ സെല്ലിനെ സമീപിച്ചത്.
ഉടമകൾ മർദിച്ചതിനെതിരേ ഓസ്ട്രേലിയൻ പോലീസിൽ പരാതി കൊടുത്തതിനാൽ ശമ്പളം നൽകാതെ ത്രേസ്യാമ്മയെ കേരളത്തിലേക്കു തിരിച്ചയച്ചിരുന്നു. ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ കരഞ്ഞുകലങ്ങിയ കണ്ണുമായി ഇരിക്കുന്നത് കണ്ട ജീവനക്കാരാണ് ത്രേസ്യാമ്മയെ ആലുവ വനിതാ ഹെൽപ് ലൈനിൽ എത്തിച്ചത്. പെരുമ്പാവൂർ സ്വദേശി നെൽസനെതിരേയാണ് പരാതി.
നെൽസണും ഭാര്യയും വർഷങ്ങളായി ഓസ്ട്രേലിയയിൽ നഴ്സിംഗ് മേഖലയിലാണ്. 2018 ഫെബ്രുവരി മുതൽ 2019 ജനുവരി വരെയാണ് ത്രേസ്യാമ്മ ഓസ്ട്രേലിയയിൽ ജോലി ചെയ്തത്.
അവസാന മൂന്നു മാസത്തെ ശന്പളം നൽകിയില്ലെന്നാണ് പരാതി. വിസയ്ക്കും മറ്റാവശ്യത്തിനും എന്ന പേരിൽ ആദ്യത്തെ മൂന്നു മാസത്തെ ശമ്പളവും നൽകിയിരുന്നില്ല. നാട്ടിലേക്ക് മടക്കി അയയ്ക്കുന്നതിന് തലേദിവസം കുടിശികയായി ലഭിക്കേണ്ടിയിരുന്ന മൂന്നു മാസത്തെ ശമ്പളം അക്കൗണ്ടിൽ ഇട്ടുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ത്രേസ്യാമ്മയെ വിമാനം കയറ്റിവിട്ടത്.
ഏതെങ്കിലും കാരണവശാൽ അക്കൗണ്ടിൽ തുക എത്തിയില്ലെങ്കിൽ തന്റെ തോട്ടുവയിലെ വീട്ടിലെത്തി പിതാവിൽനിന്നു പണം വാങ്ങാനും പറഞ്ഞിരുന്നു. നാട്ടിലെത്തിയപ്പോൾ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നറിഞ്ഞ് തോട്ടുവയിലെ നെൽസന്റെ വീട്ടിലെത്തി കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഓസ്ട്രേലിയയിലേക്ക് ഫോണിൽ വിളിച്ച് കുടിശിക നൽകാൻ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. തുടർന്നാണ് ആലുവ വനിതാ ഹെൽപ് ലൈനിൽ ത്രേസ്യമ്മ പരാതിയുമായി എത്തിയത്.
നെൽസന്റെ 13 മുറികളുള്ള വലിയ വീട് ദിവസേന കഴുകി വൃത്തിയാക്കുന്നതിനു പുറമേ ഭക്ഷണം പാകംചെയ്യുന്നതും കുട്ടികളെനോക്കിയിരുന്നതും താനായിരുന്നെന്നു ത്രേസ്യമ്മ പറഞ്ഞു. വീട്ടിലെ ജോലിയിൽ പോരായ്മ ആരോപിച്ച് പലപ്പോഴും നെൽസണും ഭാര്യയും ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി തുടർന്നപ്പോൾ തന്നെ മടക്കി അയയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ അംഗീകരിച്ചില്ല. വീട്ടിലെ പച്ചക്കറിത്തോട്ടം നശിപ്പിച്ചെന്ന് പറഞ്ഞ് ത്രേസ്യാമ്മയെ മർദിച്ച സംഭവവുമുണ്ടായി. അന്ന് അയൽവാസികളുടെ സഹായത്തോടെ ഓസ്ട്രേലിയൻ പോലീസിൽ പരാതി നല്കുകയും പോലീസ് സ്ഥലത്തെത്തി ഇരുവർക്കുമെതിരേ നടപടി എടുക്കുകയും ചെയ്തിരുന്നു.
വിവാഹിതരായ രണ്ടു പെൺമക്കൾ മാത്രമാണ് ത്രേസ്യാമ്മയ്ക്ക്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ഭർത്താവ് 35 വർഷം മുമ്പ് ഉപേക്ഷിച്ചുപോയി. പിന്നീടു ബന്ധുക്കളുടെ വീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു. ത്രേസ്യാമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് കോടനാട് പോലീസിന് കൈമാറിയതായി വനിതാ സെൽ അധികൃതർ അറിയിച്ചു.