ഏറ്റുമാനൂർ: ബഹറിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിൽ ജോലി വാഗ്ദാനം ചെയ്ത് ഡോക്ടർ ദന്പതിമാരുടെയും ബന്ധുവിന്റെയും പക്കൽ നിന്ന് ഒന്പതര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദന്പതികൾ പിടിയിൽ.
ഏറ്റുമാനൂർ സ്വദേശികളായ തോപ്പിൽ ഫിജോ ജോസഫ് (34), ഭർത്താവ് ഹാരിഷ് (50) എന്നിവരെയാണ് ജില്ലാ പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഇവരുടെ ബന്ധുവായ അജിത് ജോർജ് ഒളിവിലാണ്. പത്തനംതിട്ട സ്വദേശികളായ ഡോക്ടർ ദന്പതികളിൽനിന്നാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 2017ൽ പലപ്പോഴായി പണം വാങ്ങിയത്.
ഇന്റർനെറ്റിൽ ഇവരുടെ വാഹനം വിൽപനയ്ക്ക് എന്ന പരസ്യം ചെയ്ത് വാഹനം വിൽക്കാൻ എന്ന വ്യാജേനയാണ് ഡോക്ടറുമായി സൗഹൃദത്തിലാകുന്നത്.പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇവരെ ബഹറിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിലും ആഷ്ലിയുടെ സഹോദരൻ എബിക്ക് ദുബായ് എയർപോട്ടിലും ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ഭാഗമായി ആദ്യം 1 .5 ലക്ഷം രൂപയും രണ്ടാം തവണ രണ്ട് ലക്ഷം രൂപയും മൂന്നാം തവണ നാലു ലക്ഷം രൂപയും ഒന്നാം പ്രതി അജിത്ത് ജോർജിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു.
പിന്നീട് ഇവർ ഏറ്റുമാനൂർ കെഎസ്ആർടിസിക്കു സമീപം നടത്തിയിരുന്ന കണ്സട്ടൻസിയിൽ നേരിട്ടെത്തി ഫിജോയ്ക്കും ഭർത്താവ് ഹാരിഷിനും രണ്ട് ലക്ഷം രൂപയും നൽകുകയായിരുന്നു. ഇവരുടെ വാഗ്ദാനം വിശ്വസിച്ച ഡോക്ടർമാർ ആശുപത്രിയിലെ ജോലിയും ഇവരുടെ ബന്ധു ബഹറിനിലെ ജോലിയും ഉപേക്ഷിച്ചിരുന്നു.
എന്നാൽ പിന്നീട് ഇതെ ക്കുറിച്ച് പ്രതികരണം ഒന്നും ലഭിക്കായതോടെയാണ് ഡോക്ടർ ദന്പതികൾ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയത്.ഏറ്റുമാനൂർ സിഐ എസ് മഞ്ജുലാൽ, എസ്ഐ എം.പി. എബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ ചെയ്തത്. ഒന്നാം പ്രതിക്കായുള്ള തെരച്ചിലും ഇവർ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന അന്വേഷണവും പോലീസ് നടത്തുകയാണ്.