തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്ത് ഇടനിലക്കാരനായ അഭിഭാഷകനും സുഹൃത്തിനുമായി ഡിആർഐ സംഘം അന്വേഷണം ഉൗർജിതമാക്കി. തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 25 കിലോ സ്വർണവുമായി രണ്ട് പേരെ ഡിആർഐ സംഘം പിടികൂടിയതോടെയാണ് സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറംലോകം അറിഞ്ഞത്.
തിരുമല സ്വദേശിയായ സുനിൽകുമാർ , കഴക്കൂട്ടം സ്വദേശിനി സെറീന എന്നിവരെയാണ് 25 കിലോ സ്വർണവുമായി ഡിആർഐ സംഘം അറസ്റ്റ് ചെയ്തത്. ദൂബായിൽ നിന്നും സ്വർണം ബിസ്ക്കറ്റ് രൂപത്തിലാക്കി കറുത്ത ടേപ്പ് ഒട്ടിച്ച് ഹാൻഡ് ബാഗിലാണ് സ്വർണം തിരുവനന്തപുരത്തെത്തിച്ചത്. ഒമാൻ എയർവേയ്സ് വിമാനത്തിൽ എത്തിയ ഇരുവരെയും ഡിആർഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.
കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകൻ ബിജുകുമാർ സ്വർണം വാങ്ങാൻ വിമാനത്താവളത്തിന് പുറത്ത് കാത്ത് നിൽക്കുകയാണെന്നും അയാൾക്ക് വേണ്ടിയാണ് സ്വർണം കൊണ്ട് വന്നതെന്നും ഇരുവരും മൊഴി നൽകിയിരുന്നു. സുനിൽകുമാറും സെറീനയും പിടിയിലായ വാർത്ത പ്രചരിച്ചതോടെ അഭിഭാഷകനും സംഘവും മുങ്ങുകയായിരുന്നു. ശനിയാഴ്ച ദുബായിലേക്ക് പോയ ഇരുവരും അടുത്ത ദിവസമാണ് സ്വർണവുമായി തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്.
സ്വർണകടത്ത് സംഘത്തിലെ കാരിയേഴ്സായ ഇരുവരെയും നിയന്ത്രിച്ചിരുന്നത് അഭിഭാഷകനായിരുന്നുവെന്ന് ഡിആർഐ വൃത്തങ്ങൾ വ്യക്തമാക്കി. അഭിഭാഷകന്റെ വീട്ടിലും പ്രതികളുടെ വീട്ടിലും പരിശോധന നടത്തിയ ഡിആർഐ സംഘം നിരവധി ബാങ്ക് പാസ്സ്ബുക്കുകൾ പിടിച്ചെടുത്തു. അഭിഭാഷകൻ ബിജുകുമാറിന്റെ ഭാര്യ വിനിതയെ ഡിആർഐ സംഘം ഇന്നലെ അറസ്റ്റ് ചെയ്തു.
വിനിതക്കും സ്വർണകടത്തിൽ പങ്കുണ്ടെന്ന് ഡിആർഐ സ്ഥിരീകരിച്ചിരുന്നു. ഭർത്താവിന്റെ നിർബന്ധത്തെ തുടർന്നാണ് സ്വർണക്കടത്തിന് കൂട്ടുനിന്നതെന്നും വിദേശത്ത് നിന്നും സ്വർണം നിരവധി തവണ നാട്ടിലെത്തിച്ചിട്ടുണ്ടെന്നും വിനിത ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. രണ്ട് മാസത്തിനിടെ സുനിലും സെറീനയും എട്ടു തവണയോളം വിമാനത്താവളം വഴി സ്വർണകടത്ത് നടത്തിയിട്ടുണ്ടെന്ന് ഡിആർഐയോടെ വെളിപ്പെടുത്തിയിരുന്നു.
ഒരു കിലോ സ്വർണം നാട്ടിലെത്തിച്ചാൽ 50000 രൂപ പ്രതിഫലം ലഭിച്ചിരുന്നുവെന്നും ഏറെ മാസങ്ങളായി ഇരുവരും സ്വർണകടത്ത് സംഘത്തോടൊപ്പം പ്രവർത്തിച്ച് വരികയായിരുന്നുവെന്നും തങ്ങൾ കണ്ണികൾ മാത്രമാണെന്നാണ് സുനിലും സെറീനയും ഡിആർഐയോട് വ്യക്തമാക്കിയിരുന്നത്. സ്വർണകടത്തുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ദൂബായിൽ വച്ച് സുനിലിന് സ്വർണം കൈമാറിയത് ജിത്തു എന്ന് പേരുള്ളയാണെന്നും നാട്ടിൽ കാര്യങ്ങൾ നീക്കിയിരുന്നത് അഭിഭാഷകനായ ബിജുവും സുഹൃത്ത് വിഷ്ണുവുമാണെന്ന് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. സ്വർണകടത്ത് സംഘത്തിൽ അഭിഭാഷകരും ഗുണ്ടകളും ഉൾപ്പെടെയുള്ള വൻ മാഫിയ സംഘമുണ്ടെന്നാണ് ഡിആർഐക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കരുതലോടെയും പഴുതടച്ചുമാണ് അന്വേഷണം നീക്കുന്നതെന്നാണ് ഡിആർഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.