കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിനു ശേഷം ഗൾഫിലേക്കു കടന്ന സിഐടിയു പ്രവർത്തകനെ മംഗളൂരു വിമാനത്താവളത്തിൽ വച്ച് ഇന്നു പുലർച്ചെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.
കുണ്ടംകുഴി സ്വദേശിയും വെളുത്തോളിയിലെ താമസക്കാരനുമായ എ. സുബീഷ് (38) ആണ് അറസ്റ്റിലായത്. പെരിയയിലെ ചുമട്ടുതൊഴിലാളിയായ സുബീഷിന് കൊലപാതകത്തിൽ നേരിട്ടു ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിനു ശേഷം പ്രതികളെയും കൊണ്ട് സുബീഷ് വെളുത്തോളിയിലെ തന്റെ താമസസ്ഥലത്തെത്തുകയും അവർക്കു വസ്ത്രങ്ങൾ നൽകുകയും ചോര പുരണ്ട വസ്ത്രങ്ങൾ കത്തിച്ചു തെളിവുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇവിടെവച്ച് ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠൻ ഇവരെ ബന്ധപ്പെടുകയും പാർട്ടി ഓഫീസിൽ അഭയം നൽകുകയുമായിരുന്നു. ഇതിന്റെ പേരിൽ കഴിഞ്ഞദിവസം മണികണ്ഠനെയും അറസ്റ്റ് ചെയ്തിരുന്നു.കേസിൽ എട്ടാം പ്രതിസ്ഥാനത്താണ് സുബീഷ്.ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സുബീഷ് ഗൾഫിൽ നിന്ന് ഇന്നു പുലർച്ചെ മംഗളൂരു വിമാനത്താവളത്തിൽ തിരിച്ചെത്തിയത്.
കൊല നടന്നതിന്റെ രണ്ടാം ദിവസം തന്നെ ഇയാൾ ഗൾഫിലേക്കു കടന്നിരുന്നു. അവിടെ നാട്ടിലെ സിപിഎം അനുഭാവികളുടെ സംരക്ഷണയിലായിരുന്നു ഇത്രയും കാലം.സുബീഷിനെ നാട്ടിലെത്തിക്കാൻ ഇൻറർപോളിന്റെ സഹായം തേടുന്നതിനായി അന്വേഷണ സംഘം റെഡ് കോർണർ പുറപ്പെടുവിക്കാൻ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റു കോടതിയിൽ ഹർജി നൽകിയത് ചൊവ്വാഴ്ച്ചയായിരുന്നു.
ഇന്നലെ ഇതു പരിഗണിക്കാനിരിക്കെയാണ് റിപ്പോർട്ടിൽ ചില അപാകതകൾ കണ്ട് ഇതു പരിഹരിക്കാൻ തിരിച്ചയച്ചത്. അപാകതകൾ തീർത്ത ഹരജി ഇന്നു പരിഗണിക്കേണ്ടതായിരുന്നു. അതിനിടയിലാണ് കീഴടങ്ങൽ. സുബീഷിന്റെ അറസ്റ്റോടെ ക്രൈംബ്രാഞ്ച് പട്ടികയിലുള്ള മുഴുവൻ പ്രതികളും പിടിയിലായി.