പാലക്കാട്: ലോക ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന് ഭാഗമായി ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനാചരണവും തുടർന്നുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടേയും സന്നദ്ധ സംഘടനകളുടേയും യോഗം എഡിഎം എൻ.എം മെഹറാലിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേരും.
മഴക്കാലത്തിന് മുന്നോടിയായി സംയോജിത പ്രാണിനിയന്ത്രണം തടഞ്ഞ് സാക്രമികരോഗങ്ങൾ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ കൊതുക് നശീകരണവും മഴക്കാല പൂർവ ശുചീകരണവും പരിപാടിയുടെ ഭാഗമായി നടക്കും. ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യസേന, ആശ, കുടുംബശ്രീ, ആംഗൻവാടി പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഉറവിടനശീകരണം, സ്ക്വാഡ് വർക്കുകൾ, സംയോജിത കൊതുകുനിയന്ത്രണ പരിപാടി സംഘടിപ്പിക്കും.
17ന് ജില്ലയിലെ തോട്ടം മേഖലയിൽ വിവിധ ആളുകളുടെ നേതൃത്വത്തിൽ കൊതുക് നശീകരണ പരിപാടികൾ സംഘടിപ്പിക്കും. 18 ന് ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഉറവിട നശീകരണ പ്രവൃത്തികൾ ചെയ്യും. ലോക ഡെങ്കിപനി ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ, ബോധവത്കരണം, ഉറവിട നശീകരണം, ശുചിത്വ ക്യാന്പെയിൻ, കൊതുക്കുത്താടി നിയന്ത്രണം, തോട്ടങ്ങളിലേക്ക് ഉറവിട നശീകരണ യാത്ര തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
ഇന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഡെങ്കിപനി ദിനാചരണം ഉദ്ഘാടനം ചെയ്യും. തുടർന്ന് ബോധവത്കരണ ശില്പശാല സംഘടിപ്പിക്കും. പരിപാടിയുടെ മുന്നോടിയായി രാവിലെ നഗരസഭാ പരിസരത്ത്് ഉറവിടനശീകരണ ബോധവത്കരണ കാന്പയിൻ സംഘടിപ്പിക്കും.