ചിറ്റൂർ: സംരക്ഷണമില്ലാതെ നശിക്കുന്ന മന്ദത്തുകാവ് പാർക്കും ഇന്ദിരാഗാന്ധി പ്രതിമയും പുതുക്കിപണിത് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ അധികാരപരിധിയിലാണ് പാർക്കുള്ളത്. പാർക്കിന്റെ സംരക്ഷണജോലികൾ അധികൃതർ ഉപേക്ഷിച്ചതാണ്ഇന്നത്തെ സ്ഥിതിക്കു കാരണം. നിലവിൽ കുട്ടികൾ പാർക്കിൽ കളിക്കാൻ ഉപയോഗിച്ചിരുന്ന കളിപ്പാട്ടങ്ങളും ഇല്ലാതായി.
പാർക്കിനകത്ത് വിശാലമായ പുൽവിരിപ്പ്, വായനയ്ക്കുള്ള ഇരിപ്പിടം, തണൽമരങ്ങൾ എന്നിവയുണ്ടായിരുന്നതിനാൽ വൈകന്നേരം സമയങ്ങളിൽ പ്രായാധിക്യമുള്ളവർ പാർക്കിലെത്തി വിശ്രമിക്കാറുണ്ടായിരുന്നു.പാർക്ക് നിർമിച്ചിരിക്കുന്ന സ്ഥലത്തെ ഇന്ദിരാഗാന്ധി പ്രതിമയ്ക്കും സ്ഥാനചലനമുണ്ടായി. ഇപ്പോൾ ജനം തിരിച്ചറിയാത്ത മറവുള്ള സ്ഥലത്താണ് പ്രതിമ നില്ക്കുന്നത്.
മാസങ്ങൾക്കുമുന്പാണ് പ്രതിമ താത്കാലികമെന്നു പറഞ്ഞ് മാറ്റി സ്ഥാപിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പാർക്ക് ആധുനികരീതിയിൽ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണാധികാരികൾക്ക് നിവേദനം നല്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.