പേരാമ്പ്ര: സ്വന്തം സ്ഥലത്തിനു പൂര്‍ണ്ണമായി പട്ടയം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചു മുതുകാട്ടിലെ വളയത്ത് പാപ്പച്ചന് എന്ന വി. ജോസഫ് ചക്കിട്ടപാറ വില്ലേജ് ഓഫീസിനു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു. പ്രശ്നം തീര്‍ന്നില്ലെങ്കില്‍ ഇന്നലെ വൈകീട്ടു അഞ്ചു മണിക്കു സ്വയം പെട്രോളൊഴിച്ചു ജീവത്യാഗം ചെയ്യുമെന്നു പ്രഖ്യാപിച്ചാണു സമരം തുടങ്ങിയത്.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം കൊയിലാണ്ടി തഹസില്‍ദാര്‍ ബി.പി അനി, ഡപ്യൂട്ടി തഹസില്‍ദാര്‍ എ. സുനീഷ് കുമാര്‍ എന്നിവര്‍ ഉച്ചകഴിഞ്ഞ് രണ്ടരയോടെ സ്ഥലത്തെത്തി പാപ്പച്ചനുമായി ചര്‍ച്ച നടത്തി. വര്‍ഷങ്ങളായി ഉദ്യോഗസ്ഥരും സര്‍ക്കാരുകളും ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കാതെ പാവപ്പെട്ടവരെ സ്ഥിരമായി വിഷമിപ്പിക്കുന്ന കാര്യം പാപ്പച്ചന് തഹസില്‍ദാരുടെ മുമ്പില്‍ നിരത്തി. രോഗിയായ ഭാര്യയും ശയ്യാവലംബിയും ബുദ്ധിമാന്ദ്യവുമുള്ള മകളുമാണു കൂടെയുള്ളത്.
സാമ്പത്തികമായി കുടുംബം തകര്‍ന്നു നില്‍ക്കുകയാണ്. കൈവശഭൂമിയുടെ രേഖകള്‍ നേരെയാക്കി സ്ഥലം വിറ്റ് സുരക്ഷിത ജീവിതത്തിനു വേണ്ടിയാണു സ്ഥലത്തിനു പട്ടയം വേണമെന്നു പറയാൻ കാരണമെന്നു അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത നാഷണലിസ്റ്റ് കിസാന്‍ സഭ സംസ്ഥാന ചെയര്മാന് പി.എം ജോസഫ്, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി രാജന് വര്‍ക്കി, സിപിഐ നേതാവ് വി.വി. കുഞ്ഞിക്കണ്ണന് എന്നിവര്‍ പ്രശ്നത്തിനു പരിഹാരമുണ്ടാക്കണമെന്നു തഹസില്‍ദാരോട് ആവശ്യപ്പെട്ടു.
പാപ്പച്ചനു പട്ടയം അനുവദിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി എല്ലാ റിപ്പോര്‍ട്ടുകളും കളക്ടറുടെ നിര്‍ദ്ദേശാനുസരണം സര്‍ക്കാരിലേക്കു ഇലക്ഷനു മുമ്പേ അയച്ചിട്ടുണ്ടെന്നും ഇതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. നേതാക്കളുടെ അഭ്യര്‍ത്ഥനപ്രകാരം അക്കാര്യം പാപ്പച്ചനു തഹസില്‍ദാർ എഴുതി നല്‍കിയതോടെ സമരം അവസാനിപ്പിച്ചു. ചക്കിട്ടപാറ വില്ലേജ് ഓഫീസര്‍ സാഫി ഫിലിപ്പ് യോഗത്തില്‍ സന്നിഹിതയായിരുന്നു.