ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നെന്ന പരാമർശത്തിൽ മാപ്പു പറയാതെ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിംഗ് താക്കൂർ. പ്രസ്താവന വിവാദമായതോടെ പ്രജ്ഞ പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി നിർദേശിച്ചെങ്കിലും അവർ അതിനു തയാറായില്ല. തന്റെ പോരാട്ടം ബിജെപിക്കൊപ്പമാണെന്നും ബിജെപിയുടെ നയമാണ് തന്റെ നയമെന്നു പറയുകയും മാത്രമാണ് പ്രജ്ഞ ചെയ്തത്. നേരത്തെ, പ്രജ്ഞ മാപ്പുപറഞ്ഞതായി ബിജെപി മധ്യപ്രദേശ് വക്താവ് അറിയിച്ചിരുന്നു
ഗോഡ്സെ ഹിന്ദു തീവ്രവാദിയാണെന്ന നടൻ കമൽഹാസന്റെ പ്രസ്താവനയോടു പ്രതികരിക്കവെയാണ് പ്രജ്ഞാ സിംഗ് ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെയെ പുകഴ്ത്തിയത്. ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു, അദ്ദേഹത്തെ ഭീകരൻ എന്നു വിളിക്കുന്നവർക്ക് ഈ തെരഞ്ഞെടുപ്പിൽ തക്കതായ മറുപടി ലഭിക്കുമെന്നുമായിരുന്നു പ്രജ്ഞാ സിംഗിന്റെ പരാമർശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവർ ആത്മപരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
പിന്നാലെ പ്രജ്ഞയെ തള്ളി ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തി. പ്രജ്ഞയുടെ പ്രസ്താവനയെ അപലപിക്കുന്നെന്നും പ്രസ്താവന പിൻവലിച്ച് അവർ മാപ്പു പറയാൻ തയാറാകണമെന്നും പാർട്ടി വക്താവ് ജി.വി.എൽ. നരസിംഹ റാവു ആവശ്യപ്പെട്ടു.
പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്നു കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഗോഡ്സെ രാജ്യദ്രോഹിയായിരുന്നെന്നും ഗോഡ്സെയെ പുകഴ്ത്തുന്നത് രാജ്യദ്രോഹമാണെന്നും ഭോപ്പാലിനെ കോണ്ഗ്രസ് സ്ഥാനാർഥിയും മുതിർന്ന നേതാവുമായ ദിഗ്വിജയ് സിംഗ് പറഞ്ഞു.
ഇത് ആദ്യമായല്ല, പ്രജ്ഞ വിവാദ പരാമർശങ്ങൾ നടത്തുന്നത്. ഹേമന്ദ് കർക്കറെയുടെ മരണം, ബാബറി മസ്ജിദ് തകർക്കൽ എന്നീ വിഷയങ്ങളിൽ പ്രജ്ഞാ സിംഗ് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവരെ 72 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്നു വിലക്കിയിരുന്നു.