റോം: കോപ്പ ഇറ്റാലിയ ഫുട്ബോള്‍ കിരീടം ലാസിയോയ്ക്ക്. റോമിലെ ഒളിമ്പികോ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ലാസിയോ 2-0ന് അറ്റ്ലാന്റെയെ തകര്‍ത്തു. ഏഴാം തവണയാണ് ലാസിയ കോപ്പ ഇറ്റാലിയ ജേതാക്കളാകുന്നത്.
2013നുശേഷം ആദ്യത്തേതുമാണ്. ജയത്തോടെ ലാസിയോ അടുത്ത സീസണിലെ യൂറോപ്പ ലീഗിനു യോഗ്യത നേടി. കഴിഞ്ഞ നാലു വര്‍ഷവും യുവന്റസായിരുന്നു ചാമ്പ്യന്മാര്. മത്സരം അധിക സമയത്തേക്കു നീളുമെന്നു തോന്നിയ അവസരത്തില്‍ അവസാന മിനിറ്റുകളില്‍ നേടിയ ഗോളുകളാണ് ലാസിയോയ്ക്ക് ജയമൊരുക്കിയത്.
ആവേശകരമായ മത്സരത്തിന്റെ 82-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്നുവന്ന പന്ത് ഹെഡ് ചെയ്തു വലയിലാക്കിയ സെര്‍ജെ മിലിന്‍കോവിച്ച് സാവിച്ച് ലാസിയോയക്ക് ലീഡ് നല്കി. തിരിച്ചടിക്കാനുള്ള അറ്റ്ലാന്റയുടെ എല്ലാ സാധ്യതകളും തകര്‍ത്തുകൊണ്ട് 90-ാം മിനിറ്റില്‍ യോവാക്വിം കൊറേയ ലാസിയോയുടെ ജയം ഉറപ്പിച്ചു.