എടത്വ: അന്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ നിർമാണം പൂർത്തികരിക്കുന്നതിനു മുന്പുതന്നെ റോഡിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം വർധിക്കുന്നു. എന്നിട്ടും കണ്ണു തുറക്കാതെ പിഡബ്ല്യുഡി അധികൃതരും. തകഴി മുതൽ നീരേറ്റുപുറം വരെയുള്ള പ്രദേശത്താണ് അപകടം കൂടുതലായി നടക്കുന്നത്. നിരവധി അപകട മരണങ്ങളും ഗുരുതര പരിക്കുകളും അവശതകളുമായി അനവധിയാളുകൾ കഴിയുന്പോഴും റോഡുനിർമാണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധം ശക്തമാണ്.
ചങ്ങനാശേരി ആലയിൽ തോപ്പിൽ ഷിഫാന മൻസിൽ സലിമിന്റെ മകൻ ഷാഹിദി (19) ന്റെ ജീവനാണ് ഒടുവിലായി റോഡിൽ ഇല്ലാതായത്. കഴിഞ്ഞ തിങ്കളാഴ്ച ഷാഹിദ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി തലവടി ക്നാനായ പള്ളിയുടെ മതിലിൽ ഇടിച്ച ശേഷം വൈദ്യുതി തൂണുകൾക്കിടയിൽ തലയിടിച്ചാണ് മരിച്ചത്.
പച്ച ചേക്കയിൽ ലീലാമ്മ, പാണ്ടി തോട്ടുവേലിൽ ജോണപ്പൻ, തായങ്കരി അറുപതിൽചിറ സുജിത് സനൽ, തലവടി പുതുപ്പറന്പ് അരയശേരിൽ ഉണ്ണി എന്നിവർ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മരിച്ചു. ഗുരുതരവും അല്ലാത്തതുമായ നിരവധി അപകടങ്ങൾ വേറെയും. അപകടത്തിൽ പരിക്കേറ്റ കേളമംഗലം തുണ്ടുപറന്പിൽ സജി, മരിയാപുരം ആന്പക്കാട്ട് രാജു, കൊടുപ്പുന്ന കിഴക്കേടത്ത് കെ.കെ. ചാക്കോ എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.
സ്കൂളുകൾ, ആശുപത്രി, ആരാധനാലയങ്ങൾ ഇടവഴികൾ, വളവുകൾ, ഇടുങ്ങിയ പാലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വ്യക്തമായ സൂചനാബോർഡുകൾ ഇല്ലാത്ത അവസ്ഥയാണ്. റോഡിൽ തെരുവുവിളക്കുകൾ കത്താത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. റോഡിലെ വേഗത പ്രദർശിപ്പിക്കുന്ന ബോർഡുകളും സീബ്രാ ലൈനുകളും അടിന്തരമായി സ്ഥാപിക്കണം.
തകഴി, കേളമംഗലം പ്രദേശങ്ങളിൽ പൈപ്പുലൈൻ പൊട്ടിയ സ്ഥലങ്ങളിലെ ടാറിംഗ് പൂർത്തിയാകാത്ത അവസ്ഥയിലാണ്. റോഡിനു നടുവിലായി മുന്നറിപ്പ് ബോർഡുകൾ ഒന്നുമില്ലാതെ വീപ്പ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. റോഡ് വീതികൂട്ടി നവീകരിച്ചെങ്കിലും ഒട്ടുമിക്ക കലുങ്ക് പാലങ്ങളും പഴയ നിലയിൽ കിടക്കുകയാണ്. റോഡ് നവീകരണത്തിനൊപ്പം കലുങ്ക് പാലത്തിന്റെ നവീകരണവും ഫണ്ടിൽ ഉൾപ്പെടുത്താത്തതിനാൽ ഇതും റോഡിന് വിനയായിട്ടുണ്ട്.
അപകടം തുടർക്കഥയായിട്ടും പോലീസോ, ട്രാഫിക് വകുപ്പോ, പൊതുമരാമത്ത് റോഡ് ഡിവിഷനോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. റോഡിലൂടെ വാഹനങ്ങളുടെ മരണപ്പാച്ചിലും നിയന്ത്രണമില്ലാതെ നടക്കുന്നുണ്ട്. അമിത വേഗത്തിൽ ഓടിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കാനോ നിയമ നടപടി സ്വീകരിക്കാനോ പോലിസ് തയാറാകുന്നില്ല.
റോഡുകൾ കൈയേറി വാഹനങ്ങൾ പാർക്കു ചെയ്യുന്നതും നടവഴികൾ കൈയേറി കച്ചവടക്കാർ സാധനങ്ങൾ ഇട്ടിരിക്കുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്. വീതി കുറഞ്ഞ സ്ഥലങ്ങളിൽ പോലും വഴിയോര കച്ചവടക്കാർ കച്ചവടം നടത്തുന്നതിനാൽ സാധനം വാങ്ങാൻ എത്തുന്നവരും അവരുടെ വാഹനങ്ങളും റോഡിന്റെ മധ്യഭാഗം വരെ കൈയേറുന്ന അവസ്ഥയാണ്.