അയർക്കുന്നം: മാല മോഷ്ടാവിന്റെ അടയാളം കേട്ടപ്പോൾ രണ്ടു മാസം മുൻപ് മദ്യപിച്ച് ബഹളം വച്ചതിന് പിടികൂടിയ ആളാണോ എന്ന സംശയം എസ്ഐക്ക്. എന്തായാലും ഒന്നു നോക്കാമെന്നു കരുതി സംശയിച്ചയാളെ പിടികൂടി കാര്യമായി ചോദ്യം ചെയ്തപ്പോൾ എല്ലാം സമ്മതിച്ചു. മോഷ്ടിച്ച മാലയുടെ കഷണം തൊണ്ടിയായി വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
കൊങ്ങാണ്ടൂരിലെ മാല മോഷണം മണിക്കൂറുകൾക്കുള്ളിൽ തെളിഞ്ഞത് അയർക്കുന്നം എസ്ഐ മുഹമ്മദ് ബഷീറിനുണ്ടായ ചെറിയൊരു സംശയമാണ്. കൊങ്ങാണ്ടൂർ വഴിയന്പലത്തുങ്കൽ മേരി ഫിലിപ്പിന്റെ മാലയാണ് ഇന്നലെ പുലർച്ചെ അഞ്ചുമണിക്ക് കള്ളൻ തട്ടിയെടുത്തത്. അമ്മയും മകനും മാത്രം താമസിക്കുന്ന വീടാണ്. പുലർച്ചെ മകൻ പുറത്തേക്ക് പോയ സമയത്താണ് കള്ളനെത്തി അമ്മയുടെ മാല പിടിച്ചുവലിച്ചത്.
കള്ളൻ മാല പിടിച്ചുവലിച്ചപ്പോൾ മയക്കത്തിലായിരുന്ന മേരി ഫിലിപ്പ് വിവരം മനസിലാക്കി മാലയിൽ പിടിച്ചു.
പൊട്ടിപ്പോയ മാലയുടെ ഒരു കഷണവുമായാണ് കള്ളൻ ഓടിപ്പോയത്. അൽപ സമയത്തിനകം പോലീസ് എത്തി. മോഷ്ടാവിന്റെ രൂപം എങ്ങനെയന്നു മനസിലാക്കി. കറുത്ത് തടിച്ചയാളാണെന്നു പറഞ്ഞപ്പോഴാണ് രണ്ടുമാസം മുൻപ് ഇതേ പോലെ ഒരാളെ മദ്യപിച്ച് ബഹളം വച്ചതിന് പിടികൂടിയ കാര്യം എസ്ഐ മുഹമ്മദ് ബഷീർ ഓർമിച്ചെടുത്തത്.
വിവരം ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ, ഡിവൈഎസ്പി ശ്രീകുമാർ എന്നിവരെ അറിയിച്ച് അവരുടെ നിർദേശ പ്രകാരമാണ് സംശയത്തിന്റെ പേരിൽ തിരുവഞ്ചൂർ വന്നല്ലൂർക്കര കോളനി മാങ്കുളിയിൽ ജയകൃഷ്ണ (25)നെ വീട്ടിൽ നിന്ന് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും ആദ്യമൊന്നും സമ്മതിക്കാൻ തയാറായില്ല. ഒടുവിൽ വിശദമായ ചോദ്യം ചെയ്യലിൽ താനാണ് മാല മോഷ്ടിച്ചതെന്ന് സമ്മതിച്ചു.
മാലയുടെ ഒരു കഷണം ജയകൃഷ്ണന്റെ വീട്ടിലെ ബർത്തിലേക്ക് വലിച്ചെറിഞ്ഞതായി ഇയാൾ പറഞ്ഞതനുസരിച്ച് പോലീസ് എത്തി കണ്ടെടുത്തു. പ്രായമായവർ വീട്ടിൽ തനിച്ചുള്ള സമയം നേരത്തേ നോക്കി വച്ചാണ് ഇയാൾ മോഷണത്തിനെത്തിയത്. ബൈക്കിലെത്തി മാല പറിച്ചതിന് മണർകാട് പോലീസിൽ മൂന്നു കേസും ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ് എന്നിവിടങ്ങളിൽ രണ്ടു കേസ് വിതവും ഇയാൾക്കെതിരേയുണ്ട്. ഇതിൽ മണർകാട,് ഈസ്റ്റ് സ്റ്റേഷനുകളിലെ കേസ് കോടതിയിൽ നടന്നു വരികയാണ്. പ്രതിയെ ഇന്നു വൈകുന്നേരം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.