കടുത്തുരുത്തി: കടുത്തുരുത്തി പട്ടണത്തെ കാമറ കണ്ണിലാക്കാനുള്ള പഞ്ചായത്തിന്റെ നീക്കത്തിന് തുരങ്കം വച്ചു സാമൂഹിക വിരുദ്ധരും അപകടങ്ങളും. കടുത്തുരുത്തി ഐറ്റിസി കവല മുതൽ ബ്ലോക്ക് ജംഗ്ഷൻ വരെയുള്ള വിവിധ പ്രദേശങ്ങളിലായി 18 കാമറകളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു മാസം മുന്പ് സ്ഥാപിച്ചത്. ഇതിൽ ഐറ്റിസി ജംഗ്ഷനിൽ കാമറ സ്ഥാപിച്ച പൈപ്പ് അടുത്തിടെ പെട്ടി ഓട്ടോറിക്ഷ ഇടിച്ചു വളച്ചു. ഇതോടെ തകരാറിലായ കാമറ അറ്റക്കുറ്റ പണികൾ നടത്തുന്നതിനായി കൊണ്ടു പോയിരിക്കുകയാണ്.
വലിയപാലത്തിന് സമീപം പൈപ്പിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളിലൊന്ന് ഇപ്പോൾ കീഴോട്ട് തൂങ്ങിയാണ് നിൽപ്.
പാലത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെയും ആളുകളുടെയും കാഴച്ചയ്ക്ക് സ്ഥാപിച്ച കാമറയായിരുന്നു ഇത്. ഇടക്കര വളവിന് സമീപം സ്റ്റേ ഉപയോഗിച്ചു റോഡിന് ക്രോസ് ചെയ്തു വലിച്ചിരുന്ന ഫൈബർ കേബിൾ കട്ട് ചെയ്തു ഒരു വശത്ത് ചുരുട്ടി വച്ചിരിക്കുകയാണ്.
പൈപ്പുകൾ സ്ഥാപിച്ചാണ് പലയിടത്തും കാമറകൾ സ്ഥാപിച്ചത്. ഞീഴൂർ റോഡിൽ പോലീസ് സ്റ്റേഷന് സമീപവും കാമറ സ്ഥാപിക്കാൻ പൈപ്പ് സ്ഥാപിച്ചിരുന്നു. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ചു കാമറകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നു.കാമറകൾ പ്രവർത്തിപ്പിക്കുന്നതോടെ കടുത്തുരുത്തി ടൗണും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലാക്കാനായിരുന്നു പദ്ധതി.
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ശുചിത്വ സുന്ദര സുരക്ഷിത കടുത്തുരുത്തി പദ്ധതിപ്രകാരം നാലരലക്ഷം രൂപ വിനിയോഗിച്ചാണ് ടൗണിലെ വിവിധകേന്ദ്രങ്ങളിൽ 18 കാമറകൾ സ്ഥാപിച്ചത്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതും ജലാശയങ്ങലിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയുക എന്നതും സ്ത്രിസുരക്ഷയ്ക്ക് പ്രാധാന്യം നൽകുകയെന്ന ലക്ഷ്യവും കാമറ സ്ഥാപിച്ചതിന്റെ പിന്നിലുണ്ട്.
പദ്ധതിയനുസരിച്ച് സ്ഥാപിച്ച കാമറകളുടെ കണ്ട്രോൾ റൂം കടുത്തുരുത്തി എസ്എച്ച്ഒ ഓഫീസിലായിരിക്കും. നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളിൽ നിന്നുള്ള തൽസമയ വിവിരങ്ങൾ നിരീക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യങ്ങൾക്കെതിരെ നിയമനടപിയും സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.
കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇതിന്റെ ഉദ്ഘാടനം നടന്നില്ല. അതോടെ പ്രവർത്തനവും വൈകി. ഇനി ഉദ്ഘാടനം നടത്തും മുന്പ് വീണ്ടും അറ്റക്കുറ്റ പണികൾ നടത്തിയാലേ കാമറകൾ പ്രവർത്തിക്കുവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.