കോഴിക്കോട്: മലയാളിയായ ആൺസുഹൃത്തിനൊപ്പം കോഴിക്കോടെത്തിയ ഓസ്ട്രേലിയന്‍ വനിതയെ കാണാതായെന്ന് പരാതി. വെസ്ന ശക്തി (50) യെയാണ് ഇന്നലെ രാത്രി മുതല്‍ കോഴിക്കോട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള ലോഡ്ജില്‍ നിന്ന് കാണാതായത്.
സംഭവത്തില്‍ ഓസ്ട്രേലിയന്‍ വനിതയുടെ സുഹൃത്തായ കോട്ടയം പുതുപ്പള്ളി തച്ചുകുന്ന് റോഡ് ഷാരോൺ ഹൗസിൽ ജിം ബെന്നി (26)യുടെ പരാതിയില്‍ കസബ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 8.30 ഓടെയാണ് വെസ്നയെ കാണാതായത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് വെസ്ന ഓസ്ട്രേലിയയില്‍ നിന്ന് കേരളത്തിലെത്തിയത്.
യുവാവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. വെസ്നയുമായി യുവാവ് വിവിധ സ്ഥലങ്ങളില്‍ ചുറ്റിസഞ്ചരിച്ചു. കഴിഞ്ഞ ദിവസം വയനാടെത്തിയ ഇരുവരും അവിടെ താമസിച്ച് ഇന്നലെ വൈകീട്ടോടെയാണ് കോഴിക്കോട് എത്തിയത്.
കുറഞ്ഞ ചെലവില്‍ താമസിക്കാനുള്ള സൗകര്യം അന്വേഷിക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലെ സെൻട്രൽ ഗേറ്റ് ലോഡ്ജില്‍ എത്തിയത്. റിസപ്ഷനിസ്റ്റുമായി യുവാവ് സംസാരിക്കവെ യുവതിയെ കാണാതാവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
അതേസമയം സംഭവത്തില്‍ മറ്റു ദുരൂഹതകളൊന്നുമില്ലെന്ന് കസബ പോലീസ് അറിയിച്ചു. എളുപ്പത്തില്‍ ക്ഷുഭിതയാവുന്ന സ്വഭാവമാണ് വെസ്നക്കുള്ളതെന്നും താമസ സൗകര്യം ലഭിക്കുന്നതിനുള്ള കാലതാമസത്താല് ലോഡ്ജില്‍ നിന്ന് പോവുകയായിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ച വിവരം.
ഇന്നലെതന്നെ പോലീസ് റെയിൽവേ സ്റ്റേഷനടക്കം വിവിധയിടങ്ങളിൽ പരിശോധന നടത്തി. വനിതയെ കണ്ടെത്തുന്നതിനായി ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കസബ ഇന്‍സ്പക്ടര്‍ വി.ബാബുരാജന് ‘രാഷ്ട്രദീപിക’യോട് പറഞ്ഞു.