ചെന്നൈ: ക്വട്ടേഷൻ സംഘം പണി നന്നായി ചെയ്യുന്നുണ്ടോയെന്ന് നോക്കാൻ പോയതാണ് മുൻ ദേശീയ ടെന്നിസ് ചാംപ്യൻ വാസവി ഗണേശനെ കുടുക്കിയത്. നവീദിന്റെ പരാതി പ്രകാരം മൂന്നംഗ സംഘത്തെ പിടികൂടിയപ്പോഴാണു കാമുകിയായ വാസവി ഗണേശന്റെ ക്വട്ടേഷനെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചത്.
നവീദിനെ ഉപദ്രവിക്കാൻ താൻ പറഞ്ഞിട്ടില്ലെന്നും ഫോണ് തിരികെ വാങ്ങാൻ മാത്രമാണു ഏൽപ്പിച്ചതെന്നും വാസവി പോലീസിനോട ്പറഞ്ഞു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വാസവി ക്വട്ടേഷൻ സംഘത്തെ പിന്തുടർന്നതായി കണ്ടെത്തി. അവർ ചെയ്ത എല്ലാ കാര്യവും വാസവി നേരിട്ട് കണ്ടിരുന്നു.
ഇതോടെയാണ് പോലീസ് വാസവിയെ അറസ്റ്റു ചെയ്തത്. തങ്ങൾ തമ്മിൽ ചെറിയ വഴക്കുണ്ടായിരുന്നെന്നും നവീദിനെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വാസവി പോലീസിന് നൽകിയ മൊഴി. അമേരിക്കയിൽ സൈക്കോളജിയിൽ പഠനം നടത്തുകയാണ് മുൻ ദേശീയ അണ്ടർ 14 ടെന്നീസ് ചാംപ്യയായ വാസവി ഗണേശൻ.
വാസവിയും ചെന്നൈ സ്വദേശി നവീദ് അഹമദും പ്രണയത്തിലായിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കയിൽനിന്നു ചെന്നൈയിലെത്തിയ വാസവി നഗരത്തിലെ പാർക്കിൽ നവീദിനെ കണ്ടു. സംസാരത്തിനിടെ ഇരുവരും ചിത്രമെടുത്തു. ഇതു ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും നവീദ് വഴങ്ങിയില്ല.
ഇരുവരും വഴക്കായി. വാസവിയുടെ തലയ്ക്കു ഹെൽമറ്റു കൊണ്ടു ഇടിച്ചു. ഫോണ് പിടിച്ചുവാങ്ങി നവീദ് കടന്നുകളഞ്ഞു. നവീദിനെ കൈകാര്യം ചെയ്യാനും ഫോണ് തിരികെ വാങ്ങാനും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ വാസവി ഏൽപ്പിച്ചു. വേളാച്ചേരിയിലെ എസ്.ഭാസ്കർ, ശരവണൻ, ബാഷ എന്നിവർ നവീദിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഫോണ് തിരികെ വാങ്ങി.
നവീദിനെ വിട്ടു നൽകണമെങ്കിൽ രണ്ടു ലക്ഷം രൂപ നൽകണമെന്നു സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞു. എന്നാൽ സുഹൃത്തുകൾ ഇത് നിരഹരിച്ചു. പണം ലഭിക്കാത്തതിനാൽ നവീദിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.