ജോണ്സണ് വേങ്ങത്തടം
കൊച്ചി: എം. പി വീരേന്ദ്രകുമാറിനു ലോക് താന്ത്രിക ജനതാദൾ എന്ന പേരിലും രൂപത്തിലും മാറ്റം വരുത്തേണ്ടി വരും. ദേശീയതലത്തിലുണ്ടായ ചില നടപടികളുടെ ഭാഗമായിട്ടാണ് ലോക് താന്ത്രിക് ജനതാദളിനു പുതിയ രൂപം സ്വീകരിക്കേണ്ട അവസ്ഥവരുന്നത്. നിലവിൽ കേരള ഘടകത്തിനു ഈ രൂപത്തിൽ തുടരാൻ കഴിയില്ല. പാർട്ടിയുടെ ദേശീയ നേതാവ് ശരത് യാദവ് ബീഹാറിൽ ലാലു പ്രസാദ് യാദവിന്റെ പാർട്ടി ചിഹ്നമായ റാന്തലിൽ മത്സരിച്ചതാണ് പ്രശ്നമായത്.
അദ്ദേഹം നിലവിൽ ആർജെഡിയിലാണ്. അതു മൂലം എം. പിവീരേന്ദ്രകുമാറും പാർട്ടിയും വെട്ടിലായി. 23നു ശേഷം കേരളത്തിൽ പാർട്ടിയെ സംബന്ധിച്ചു തീരുമാനമുണ്ടാകും. ഒന്നെങ്കിൽ ലോക് താന്ത്രിക ജനതാദൾ എന്ന പാർട്ടി പിരിച്ചുവിട്ടു പഴയപാർട്ടിയായ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പേര് സ്വീകരിച്ചു പുനർജീവിപ്പിക്കേണ്ടിവരും.
അല്ലെങ്കിൽ ദേശീയ കക്ഷികളുമായി ലയനം. അതിനു ഏറ്റവും അനുയോജ്യമായതു ഉത്തർപ്രദേശിലെ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയാണ്. ഇതിൽ ലയിച്ച് അതിന്റെ കേരള ഘടകമായി നിൽക്കേണ്ടിവരും. അല്ലെങ്കിൽ, ജനതാദൾ എസിൽ ലയിക്കണം. നിലവിൽ ജനതാദൾ- എസ് എൽഡിഎഫിലാണ്.
പക്ഷേ, ഇതിന്റെ തടസം ഈ പാർട്ടി കർണാടകയിലെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ബിജെപിയുമായിവരെ കൂട്ടുകൂടിയ പാർട്ടിയായതു കൊണ്ട് വിശ്വസിക്കാനും സാധിക്കില്ലെന്നും പാർട്ടിയിൽ വിലയിരുത്തലുകളുണ്ട്. നിലവിൽ പാർട്ടി പുനഃസംഘടിപ്പിക്കുന്നതു ചർച്ചയ്ക്കു ശേഷം മാത്രമായിരിക്കും.
ഏതായാലും 23നു ഫലപ്രഖ്യാപനത്തിലൂടെ ദേശീയരാഷ്ട്രീയത്തിലെ മാറ്റങ്ങൾ കൂടി വിലയിരുത്തിയായിരിക്കും പാർട്ടിയുടെ പുനഃസംഘടന വരുന്നത്. സോഷ്യലിസ്റ്റ് ജനതാദൾ എന്ന പഴയ പാർട്ടിയെ പുനരുജ്ജീവിപ്പിച്ചാൽ ആരെയും ആശ്രയിക്കാതെ മുന്നോട്ട് പോകാൻ സാധിക്കുമെന്നാണ് പൊതുവേ നേതാക്കൾ പറയുന്നത്.