ചെന്നൈ: ഗോഡ്സെ പരാമർശത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും വിവാദ പ്രസ്താവനയുമായി മക്കൾ നീതി മയ്യം തലവൻ കമൽഹാസൻ. ഗോഡ്സെ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലാകുമെന്ന ഭയമൊന്നും തനിക്കില്ലെന്ന് കമൽഹാസൻ പറഞ്ഞു. “എന്നെ അവർ അറസ്റ്റ് ചെയ്യട്ടെ. പക്ഷേ, അങ്ങനെ അറസ്റ്റ് ചെയ്താൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും”- കമൽഹാസൻ പറഞ്ഞു.
ഇത് മുന്നറിയിപ്പൊന്നുമല്ലെന്നും ഉപദേശമായി കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറവാകുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ തനിക്കു നേരെ ചീമുട്ടയേറുണ്ടായതിനെയും കമൽഹാസൻ രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയത്തിന്റെ നിലവാരത്തകർച്ചയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങളൊന്നും തന്നെ ഭയപ്പെടുത്തില്ല. എല്ലാ മതങ്ങളിലും തീവ്രസ്വഭാവമുള്ളവരുണ്ട്. അവരിൽ ചിലർ അതിതീവ്ര മനോഭാവമുള്ളവരാണ്. പുണ്യാവാന്മാരാണെന്ന് ആർക്കും പറയാനാകില്ല- കമൽഹാസൻ കൂട്ടിച്ചേർത്തു.
നേരത്തെ, അറവാകുറിച്ചിയിൽ ആക്രമണം നടത്തിയവരെ മക്കൾ നീതി മയ്യം പ്രവർത്തകർ കൈയേറ്റം ചെയ്തിരുന്നു. ഉടൻ പോലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു. പ്രചാരണം നിർത്തിവയ്ക്കാനും കമൽഹാസനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്സെയാണെന്നുമുള്ള കമൽഹാസന്റെ പ്രസ്താവനയാണ് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്.