കൊച്ചി: ആശംസകൾ നേരാനെത്തിയവരുടെ അകന്പടിയിൽ “ബെസ്റ്റ് വിഷസ്’ എന്നു കുറിച്ച കേക്ക് അമ്മ ജംഷീല മുറിക്കുന്പോൾ ആ കുഞ്ഞ് ചെറുമയക്കത്തിൽ തന്നെയായിരുന്നു. അനേകരുടെ ഹൃദയപൂർവമുള്ള ആശംസകളും പ്രാർഥനകളും പ്രയത്നങ്ങളും ഡോക്ടർമാരുടെ വിദഗ്ധസേവനവും സമന്വയിച്ചതിലൂടെ പുതുജീവനിലേക്കു പിറന്ന ആ പെണ്കുഞ്ഞ്, നന്ദി നിറഞ്ഞ ഹൃദയത്തോടെ വീട്ടിലേക്കു മടങ്ങി.
ജനിച്ചു മണിക്കൂറുകൾക്കകം ഹൃദയത്തിനു ഗുരുതരമായ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചു വിദഗ്ധ ചികിത്സയ്ക്കു വിധേയയാക്കിയ കുഞ്ഞാണു രോഗം ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടത്. മലപ്പുറം എടക്കര സ്വദേശി ഷാജഹാന്റെയും ജംഷീലയുടെ കുഞ്ഞിനെ കഴിഞ്ഞ എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെരിന്തൽമണ്ണയിൽനിന്ന് ആംബുലൻസിൽ രണ്ടേകാൽ മണിക്കൂർകൊണ്ടാണു കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്.
ഹൃദയത്തിന്റെ വലത്തെ അറയിൽനിന്നു ശ്വാസകോശത്തിലേക്കു രക്തം എത്തിക്കുന്ന വാൽവും രക്തക്കുഴലും ഇല്ലായിരുന്നു. ഹൃദയത്തിന്റെ താഴത്തെ അറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭിത്തിയിൽ ദ്വാരവും രൂപപ്പെട്ടിരുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന് ഒന്പതിനു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കി. ഹൃദയത്തിൽനിന്നു ശ്വാസകോശത്തിലേക്കുള്ള കുഴൽ സ്റ്റെന്റ് ഉപയോഗിച്ചു വികസിപ്പിച്ചു.
ഒരുദിവസം മാത്രം പ്രായമുള്ള കുട്ടിയിൽ ഈ ചികിത്സ വലിയ വെല്ലുവിളിയായിരുന്നെന്നും ആറുമാസത്തിനുശേഷം രണ്ടാംഘട്ട ശസ്ത്രക്രിയ നടത്തുമെന്നും ചികിത്സയ്ക്കു നേതൃത്വം നൽകിയ ഡോ. എഡ്വിൻ ഫ്രാൻസിസ് പറഞ്ഞു. ഡോ. തോമസ് മാത്യു, ഡോ. വി. ബിജേഷ്, ഡോ. ജെസൻ ഹെൻട്രി എന്നിവർ ചികിത്സയിൽ പങ്കാളികളായി.
എടക്കര പ്രശാന്തി ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ സംശയം തോന്നിയതിനെത്തുടർന്ന് അന്നുതന്നെ പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിലേക്കും ഗുരുതരമായ ഹൃദ്രോഗം ആണെന്നു പരിശോധനയിൽ വ്യക്തമായപ്പോൾ ലിസി ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചു ജംഷീലയുടെ സഹോദരൻ ജിയാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിഷയത്തിൽ ഇടപെട്ടിരുന്നു.
ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടിക്കു ലിസി ആശുപത്രിയിൽ ചികിത്സയ്ക്കു ക്രമീകരണമൊരുക്കിയതും മന്ത്രിയുടെ ഇടപെടലിലൂടെയാണ്. പൂർണമായും സൗജന്യമായാണു കുഞ്ഞിന്റെ ചികിത്സ നടത്തിയതെന്ന് ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറന്പിൽ, അസി. ഡയറക്ടർ ഫാ. ജെറി ഞാളിയത്ത് എന്നിവർ അറിയിച്ചു.
ഡോ. റോണി മാത്യു കടവിൽ കുഞ്ഞിനുള്ള ആശുപത്രിയുടെ സ്നേഹോപഹാരം സമർപ്പിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഫാ. ആന്റണി പുന്നശേരി, ഡോ. ജേക്കബ് ഏബ്രഹാം തുടങ്ങിയവരും ആശുപത്രി ജീവനക്കാരും സന്തോഷം പങ്കുവയ്ക്കാനെത്തി.