തിരുവനന്തപുരം: മലേഷ്യയിൽ തൊഴിൽ തേടിപ്പോകുന്ന മലയാളികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക-റൂട്ട്സ് അധികൃതർ അറിയിച്ചു. അടുത്ത കാലത്ത് നിരവധി പേർ വീസ തട്ടിപ്പിനും വ്യാജ റിക്രൂട്ടിംഗ് ഏജൻസികളുടെ ചതിയിൽപ്പെട്ട് മറ്റു തട്ടിപ്പുകൾക്കും ഇരയായതായും നോർക്ക-റൂട്ട്സിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അടുത്തിടെ മലേഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ 19 പേരെ നോർക്ക-റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു.
പാസ്പോർട്ടിന്റെയും വിസിറ്റിംഗ് വീസയുടേയും കാലാവധി തീർന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുളള കേരള സർക്കാരിന്റെ രണ്ട് സ്ഥാപനത്തിൽ ഒന്നാണ് നോർക്ക-റൂട്ട്സ്.
നഴ്സുമാർ, ഡോക്ടർമാർ, ടെക്നീഷൻമാർ, ഗാർഹിക തൊഴിലാളികൾ എന്നീ മേഖലകളിൽ ജിസിസി രാജ്യങ്ങളിലേക്കുള്ള നോർക്ക-റൂട്ട്സ് മുഖേനയുള്ള റിക്രൂട്ട്മെന്റ് തികച്ചും സുതാര്യമാണ്. പ്രസ്തുത സാഹചര്യങ്ങളിൽ മലേഷ്യയിൽ തൊഴിൽതേടി പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് നോർക്ക-റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ നോർക്ക-റൂട്ട്സ് കാൾസെന്ററിൽ (18004253939 ഇന്ത്യയിൽ) (0091880 2012345 വിദേശത്ത്) ലഭിക്കും.