ഷൊർണൂർ: കടന്പഴിപ്പുറം ഇരട്ടകൊലപാതക കേസിൽ അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ പ്രതികളെ കണ്ടെത്താൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം. ലോക്കൽ പോലീസിനു പിറകേ ക്രൈംബ്രാഞ്ചും ഇരുട്ടിൽ തപ്പുന്ന സാഹചര്യം മുൻനിർത്തിയാണ് ഹൈക്കോടതിയെ സമീപിച്ചു പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആക്ഷൻ കൗണ്‍സിൽ തീരുമാനമെടുത്തത്.
ഇതുസംബന്ധിച്ച് ഉടനേ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി ആക്ഷൻ കൗണ്‍സിൽ സെക്രട്ടറി യു.ഹരിദാസൻ വൈദ്യർ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണവും കാര്യക്ഷമമല്ലെന്നാണ് ആക്ഷൻ കൗണ്‍സിൽ ആക്ഷേപം.ഇതുവരെയും പ്രതികളെക്കുറിച്ച് നേരിയ സൂചനപോലും കേസന്വേഷണം നടത്തിയവർക്ക് ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെയും ആക്ഷേപം. ലോക്കൽ പോലീസിനു പിറകേ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്.
ഇരട്ടകൊലപാതകം നടന്നു മൂന്നുവർഷം കഴിഞ്ഞിട്ടും ആഭ്യന്തര വിഭാഗത്തിന് അതിന് ഒന്നും ചെയ്യാൻ സാധിക്കാത്തത് ഗുരുതരവീഴ്ചയാണെന്നാണ് ഉയർന്നുവന്നിട്ടുള്ള ആക്ഷേപം. 2016 നവംബർ 15-നാണ് കടന്പഴിപ്പുറം പുറംകണ്ണുകുറിശി പറന്പിൽ ചീരാപ്പത്തുവീട്ടിൽ ഗോപാലകൃഷ്ണൻ (62), ഭാര്യ തങ്കമണി (52) എന്നിവർ വീട്ടിനുള്ളിൽ വെട്ടേറ്റു കൊല്ലപ്പെട്ടത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു ഇരുവരെയും മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസിൽ ആരെയും അറസ്റ്റുചെയ്യാനോ പ്രതികളെ കണ്ടെത്താനോ കഴിഞ്ഞില്ല. ആദ്യം ലോക്കൽ പോലീസാണ് കേസ് അന്വേഷിച്ചത്. അവരുടെ അന്വേഷണം വഴിമുട്ടിയ ഘട്ടത്തിലാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.
എന്നാൽ വിവാദമായ ഇരട്ടക്കൊലപാതകം സംബന്ധിച്ച് മുന്നോട്ടുപോകാൻ കഴിയാതെ ക്രൈംബ്രാഞ്ചും നിസഹായാവസ്ഥയിലാണ് വീട്ടിലെ കിടപ്പുമുറിയിൽ ശിരസിലും കഴുത്തിലും മാരകമായി വെട്ടേറ്റ് നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്. കേസന്വേഷണം ആദ്യം ഏറ്റെടുത്ത ശ്രീകൃഷ്ണപുരം പോലീസിന് പ്രതികളെ കണ്ടെത്താനോ തെളിവ് ശേഖരിക്കാനോ കഴിയാത്ത സാഹചര്യം രൂപപ്പെടുകയും അന്വേഷണം വഴിമുട്ടുകയും ചെയ്ത ഘട്ടത്തിലാണ് ശക്തമായ പ്രതിഷേധ സമരങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
ഇതിനുവേണ്ടി ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ നിരാഹാരസമരം അടക്കമുള്ള പ്രതിഷേധങ്ങളും അരങ്ങേറി ഇതുവരെയായി പ്രതികളെ കണ്ടെത്താൻ കഴിയാത്ത പോലീസിന് കൃത്യം നടത്താൻ ഉപയോഗിച്ചതായി കരുതുന്ന മൂർച്ചയുള്ള ആയുധം വീടിന് മുൻവശത്തെ കിണറ്റിൽനിന്നും കണ്ടെത്താനായത് മാത്രമാണ് കേസിലെ ഏക പുരോഗതി.
കൃത്യം നടന്ന മൂന്നുവർഷം കഴിഞ്ഞിട്ടും ഇനിയും പ്രതികളെക്കുറിച്ച് നേരിയ സൂചനപോലും ലഭിക്കാതെ കേസന്വേഷണം മരവിച്ചുകിടക്കുന്ന സാഹചര്യത്തിലാണ് വിദഗ്ധ ഏജൻസിയെ ഉപയോഗിച്ച് അന്വേഷണം ഉൗർജിതമാക്കാൻ നടപടി സ്വീകരിക്കാൻ കോടതി ഇടപെടലിനായി കൗണ്‍സിൽ തീരുമാനമെടുത്തത്.