ഹോം വർക്ക് ചെയ്യാതെ വന്ന വിദ്യാർഥിനിക്ക് ശിക്ഷയായി ലഭിച്ചത് 168 അടി. മധ്യപ്രദേശിലെ ഝാബുവയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളിലാണ് ഏറെ വിചിത്രമായ സംഭവം അരങ്ങേറിയത്. ക്ലാസിലെ 14 സഹപാഠികളെ കൊണ്ട് ദിവസവും രണ്ട് അടി വീതം നൽകിയാണ് അധ്യാപകൻ ശിക്ഷ നടപ്പാക്കിയത്.
അസുഖത്തെ തുടർന്ന് 2018 ജനുവരി ഒന്നു മുതൽ പത്ത് വരെ കുട്ടി സ്കൂളിൽ പോയിരുന്നില്ല. തുടർന്ന് 11ന് സ്കൂളിലെത്തിയ കുട്ടിയുടെ പാഠ ഭാഗങ്ങൾ അധ്യാപകൻ പരിശോധിച്ചു. ഹോം വർക്കുകളൊന്നും പൂർത്തിയാകാത്തതിൽ കോപാകുലനായ അധ്യാപകൻ 168 അടി ശിക്ഷയായി വിധിക്കുകയായിരുന്നു.
തുടർന്ന് ആറ് ദിവസം തുടർച്ചയായി കുട്ടിയെ രണ്ട് പ്രാവശ്യം അടിക്കുവാൻ 14 സഹപാഠികളെ ചുമതലപ്പെടുത്തുകയും ചെയ്തു. സ്കൂളിലെ ശിക്ഷ കാരണം തീർത്തും അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ കുട്ടിയുടെ പിതാവ് ശിവ് പ്രതാപ് സിംഗ് സ്കൂൾ മാനേജ്മെന്റിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. മാത്രമല്ല ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും അധ്യാപകനെതിരെ പരാതി നൽകി.
ഇതെ തുടർന്ന് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി സ്കൂളിൽ പോകുവാൻ വിസമ്മതിക്കുകയാണെന്ന് പിതാവ് പറയുന്നു.