കുറച്ചുനേരം ഉറങ്ങുന്നത് കുറ്റമാണോ. ഏയ് അല്ല എന്തു കുറ്റം എന്ന് പറയാൻ വരട്ടെ. ഉറങ്ങുന്നത് വിമാനം പറത്തുന്ന പൈലറ്റാണെങ്കിലോ.സംഗതി കുഴഞ്ഞില്ലേ. ഓസ്ട്രേലിയയിൽ ഒരു ട്രെയിനി പൈലറ്റ് ഉറങ്ങിയത് കുറച്ചൊന്നുമല്ല നാൽപ്പതു മിനിറ്റാണ്. അഡ്ലൈഡിലെ ഒരു വിമാനം പറത്തൽ പരിശീലനത്തിനിടെയാണ് ഈ ഉറക്കമുണ്ടായത്.
ഉറക്കമില്ലായ്മയും വേണ്ടത്ര ഭക്ഷണം കഴിക്കാത്തതുമാണ് ഉറക്കത്തിലേക്ക് വഴുതിവീഴാൻ കാരണമായത്. 5500 അടി ഉയരത്തിൽ പറക്കുന്നതിനിടെ പൈലറ്റ് വിമാനം ഓട്ടോ പൈലറ്റ് മോഡിലേക്ക് മാറ്റി ഉറക്കം തുടങ്ങിയത്രെ.
അനുമതി ലഭിക്കാതെ അഡ്ലൈഡ് വ്യോമ മേഖലയിലേക്കാണ് ഉറങ്ങിക്കൊണ്ടിരുന്ന പൈലറ്റിനേയും കൊണ്ട് വിമാനം ചെന്നെത്തിയത്. ചെറുവിമാനമായിരുന്നു. ഇതോടെ ആശങ്കയായി. ഏതോ വിമാനം വ്യോമമേഖലയിൽ കടന്നതോടെ ഏവർക്കും ആശങ്ക.
പൈലറ്റിനെ ബന്ധപ്പെടാൻ എയർ ട്രാഫിക് കണ്ട്രോളിൽ നിന്ന് ശ്രമിച്ചെങ്കിലും ഫലമില്ല. നാൽപ്പത് മിനിറ്റിന് ശേഷം പൈലറ്റ് ഉറക്കം വിട്ടെഴുന്നേറ്റപ്പോഴാണ് സംഗതിയുടെ കിടപ്പ് മനസിലായത്. ഇനി പറയൂ.. കുറച്ചൊന്ന് ഉറങ്ങുന്നത് ഒരു തെറ്റാണോ.