പുൽപ്പള്ളി: പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമെടുക്കാൻ ചെന്ന ചീയന്പം ചെറിയ കുരിശ് കദളിക്കാട്ടിൽ ശ്യാംകുമാറിനെ എസ്ഐ ഭീഷണിപ്പെടുത്തി പരാതി പിൽവലിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സിപിഎം ഏരിയാ കമ്മിറ്റി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഏപ്രിൽ 28 ന് ശ്യാംകുമാറും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ പ്രദേശവാസികൾ പറഞ്ഞ് തീർക്കുകയും വിവരം സ്റ്റേഷനിൽ അറിയക്കാൻ ചെന്നപ്പോൾ പൊതുപ്രവർത്തകരുടെയും അമ്മയുടെയും മുന്നിൽവച്ച് ശ്യാംകുമാറിനെ എസ്ഐ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും ഇത് സംബന്ധിച്ചുള്ള പരാതികൾ നിലനിൽക്കുന്ന ഘട്ടത്തിലാണ് പുതിയ സംഭവമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ശ്യാംകുമാറിനെതിരേ അമ്മയിൽ നിന്നും പരാതി എഴുതി വാങ്ങുകയും ചെയ്തിരുന്നു.
കേസിൽ ജ്യാമ്യത്തിനായി 14ന് സ്റ്റേഷനിൽ ചെന്നപ്പോൾ എസ്ഐ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ശ്യാംകുമാറിനെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിക്കുകയും ഇക്കാര്യങ്ങൾ വിഡീയോ റെക്കോർഡിംഗ് നടത്തിയതായയും നേതാക്കൾ പറഞ്ഞു. മർദ്ദനമേറ്റ് ശ്യാംകുമാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്പോൾ രേഖപ്പെടുത്തിയ മൊഴി ജില്ലാ പോലീസ് ചീഫിന്റെയും എഎസ്പിയുടെയും പരിശോധനയ്ക്ക് ശേഷം എഫ്ഐആർ ഇടാതെ ഇരുപത് ദിവസമായി മാറ്റിവച്ചിരിക്കുന്നത് നീതിനിഷേധമാണ്.
ശാരീരിക അവശതയുള്ള ചെറുപ്പക്കാരനെ രണ്ട് തവണ സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിലെ പരാതിയിൻമേൽ എസ്ഐക്കെതിരേ പരാതി സ്വീകരിക്കാതിരിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിലാണെന്ന പോലീസ് ഭാഷ്യം അംഗീകരിക്കാനാകില്ല. പരാതിക്കാരെ ഭീഷണിപ്പെടുത്തിയ പുൽപ്പള്ളി എസ്ഐക്കെതിരേ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങുമെന്ന് സിപിഎം നേതാക്കൾ മുന്നറിയിപ്പ് നൽകി.
വാർത്താസമ്മേളനത്തിൽ സിപിഎം പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം.എസ്. സുരേഷ് ബാബു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എസ്. ജനാർദ്ദനൻ, അനിൽ സി. കുമാർ, സജി തൈപ്പറന്പിൽ, അജീഷ്, പി.ജെ. പൗലോസ്, ആന്റണി, പരാതിക്കാരനായ ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.