നിയാസ് മുസ്തഫ
കർണാടകയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുണ്ഡഗോലി, ചിഞ്ചോലി മണ്ഡലങ്ങളിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം പരാജയം മണക്കുന്നു ? മേയ് 19നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഉപതെരഞ്ഞെടുപ്പ്. ഇവിടെ പരാജയപ്പെട്ടാൽ സഖ്യ സർക്കാരിന്റെ പതനത്തിലേക്കായിരിക്കും കാര്യങ്ങൾ നീങ്ങുകയെന്ന് ഉറപ്പിക്കാം. ഇതോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും സഖ്യസർക്കാരിന്റെ ഭാവി തീരുമാനിക്കും.
കർണാടകയിൽ ആകെയുള്ള 28 ലോക്സഭാ സീറ്റിൽ 2014ൽ ബിജെപി നേടിയത് 17 സീറ്റാണ്. കോൺഗ്രസ് ഒന്പതും ജെഡിഎസ് രണ്ടും. ഈ സീറ്റുനിലയിൽ കുറവുവന്നാൽ കോൺഗ്രസ്-ജെഡി എസ് സഖ്യത്തിന്റെ കെട്ടുറപ്പിനെ അതു ബാധിക്കും. ഇതെല്ലാം മുന്നിൽ കണ്ടാണ് ബിജെപി കർണാടക അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ നീക്കം. മേയ് 23 കഴിയുന്പോൾ കർണാടകയിൽ ഭരണമാറ്റം ഉണ്ടാവുമെന്നാണ് യെദ്യൂരപ്പ പറയുന്നത്.
2018ലാണ് കർണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 224അംഗ കർണാടക നിയമസഭയിൽ ബിജെപിക്ക് 104 എംഎൽഎമാരുണ്ടായി. കോൺഗ്രസിന് 80ഉം ജെഡിഎസിന് 37ഉം എംഎൽഎമാർ. ബിഎസ്പിക്ക് ഒരു എംഎൽഎയും. രണ്ടു സ്വതന്ത്രരും വിജയിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിക്ക് ഇവിടെ സർക്കാരുണ്ടാക്കാനായില്ല.
ഇതിൽ രണ്ടു സ്വതന്ത്രർ ഇപ്പോൾ ബിജെപിക്കൊപ്പമാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു മണ്ഡലങ്ങളിൽ വിജയിക്കാനായാൽ ബിജെപി 106 സീറ്റിലെത്തും. രണ്ടു സ്വതന്ത്രരെ കൂട്ടി 108ആവും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 113 സീറ്റ്. അതായത് അഞ്ചുപേർ കൂടി വന്നാൽ ബിജെപിക്ക് സർക്കാരുണ്ടാക്കാം.
നിലവിൽ കോൺഗ്രസിൽനിന്ന് 20എംഎൽഎമാർ ബിജെപിയിൽ വരാൻ താല്പര്യപ്പെട്ട് നിൽക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം. മേയ് 23 കഴിയുന്പോൾ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ശുഭകരമായല്ല കാര്യങ്ങളുടെ പോക്കെങ്കിൽ ബിജെപി ‘ഒാപ്പറേഷൻ താമര’ വീണ്ടും സജീവമാക്കി കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് ഭരണം കൈപ്പിടിയിലൊതുക്കും.
അതേസമയം, കോൺഗ്രസും ജെഡിഎസും തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതുപോലെ ഒന്നിച്ചുപ്രവർത്തിച്ചില്ലായെന്ന് മുഖ്യമന്ത്രി കുമാരസ്വാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് വരാനിരിക്കുന്ന പൊട്ടിത്തെറിയുടെ സൂചനയായാണ് വിലയിരുത്തുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു സീറ്റിലും സഖ്യത്തിന് വിജയിക്കാനായാലും മൂന്ന് സിറ്റിംഗ് എംഎൽഎമാർ ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്. ഇവർ വിജയിച്ചാൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും.
അപ്പോഴും പ്രശ്നമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുമയോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ 28ൽ 25 സീറ്റെങ്കിലും ലഭിക്കുമായിരുന്നുവെന്നാണ് കുമാരസ്വാമിയുടെ വിലയിരുത്തൽ. 16മുതൽ 18 സീറ്റുവരെ സഖ്യത്തിനു ലഭിക്കുമെന്ന്് അവർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ 11ആയിരുന്നു സഖ്യത്തിന്റെ സീറ്റു നില.
ഇതോടൊപ്പം കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ കുമാരസ്വാമി മത്സരിക്കുന്ന മാണ്ഡ്യ മണ്ഡലത്തിൽ നിഖിൽ തോൽക്കുമെന്ന വിലയിരുത്തലും കുമാരസ്വാമിയെ ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത ഇവിടെ സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ചിരുന്നു. സുമലത ഇവിടെ വിജയിക്കുമെന്ന റിപ്പോർട്ടാണ് ജെഡിഎസിന് അസ്വസ്ഥരാക്കുന്നത്.
നിഖിൽ തോറ്റാൽ അത് കോൺഗ്രസ്-ജെഡിഎസ് ബന്ധത്തെ ബാധിക്കും. കോൺഗ്രസ് പ്രവർത്തകർ സുമലയ്ക്കുവേണ്ടിയാണ് ഇവിടെ പ്രവർത്തിച്ചതെന്ന് ജെഡിഎസിന്റെ പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു.